”ഞായറാഴ്ച മാത്രം പുറത്തിറങ്ങുന്ന ഞായിക്രോൺ, സൺകൊറോണ വൈറസുകളെ സൂക്ഷിക്കണം”; സർക്കാരിനെ ട്രോളി വൈദികൻ
”ഞായറാഴ്ച മാത്രം പുറത്തിറങ്ങുന്ന ഞായിക്രോൺ, സൺകൊറോണ വൈറസുകളെ സൂക്ഷിക്കണം”; സർക്കാരിനെ ട്രോളി വൈദികൻ
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ പുതിയ ഞായറാഴ്ച നിയന്ത്രണങ്ങളെ പരിഹസിച്ചുകൊണ്ടുള്ള വൈദികന്റെ പ്രഭാഷണം വൈറലാകുന്നു. ഞായിക്രോൺ, സൺകൊറോണ എന്നൊക്കെ പേരുകളിൽ ഞായറാഴ്ച മാത്രം പുറത്തിറങ്ങുന്ന പുതിയ വൈറസുണ്ടെന്നും അവയെ സൂക്ഷിക്കണമെന്നും പ്രസംഗത്തിൽ വൈദികൻ പരിഹസിച്ചു. ഞായറാഴ്ച മാത്രമുള്ള നിയന്ത്രണം പുനഃപരിശോധിക്കണമെന്ന് കെസിബിസി അടക്കമുള്ള ക്രിസ്ത്യൻ സംഘടനകളും നേതാക്കളും ആവശ്യമുയർത്തിയതിനു പിന്നാലെയാണ് വൈദികന്റെ പ്രസംഗം.
ഞായറാഴ്ച ലോക്ഡൗൺ പോലെയുള്ള ദിവസമാണ്. ആരും പുറത്തുവരാതിരിക്കാനാണ് സർക്കാർ നിയന്ത്രണങ്ങൾ വച്ചിരിക്കുക. വളരെ പ്രത്യേകമായി ശ്രദ്ധിക്കേണ്ട കാര്യം, ഞായറാഴ്ച മാത്രം പുറത്തിറങ്ങുന്ന ചില വൈറസുകളുണ്ട്, അവയെ സൂക്ഷിക്കണം. പ്രത്യേകിച്ച് സൺകൊറോണ എന്ന വൈറസ് ഞായറാഴ്ച മാത്രമേ പുറത്തിറങ്ങൂ. അതുകൊണ്ട് ദേവാലയത്തിലേക്ക് ആരും വരരുത്. ഞായറാഴ്ചകളിൽ വരുന്ന ഭക്തജനങ്ങളെ പിടിക്കാനായിട്ട് ഞായിക്രോൺ എന്ന പുതിയ വൈറസ് കൂടി വന്നിട്ടുണ്ടെന്നാണ് ചിലരൊക്കെ പറയുന്നത്. അതുകൊണ്ട് സർക്കാരിന്റെ, ആരോഗ്യവകുപ്പിന്റെ നിർദേശങ്ങളുള്ളിടത്തോളം കാലം നമ്മുടെ പള്ളിയിൽ ഓൺലൈൻ കുർബാനയായിരിക്കും. ഞായറാഴ്ച കഴിഞ്ഞാലും സർക്കാരിന്റെ ഓർഡർ പിൻവലിക്കുംവരെ ഓൺലൈൻ കുർബാനയായിരിക്കും-പ്രസംഗത്തിൽ വൈദികൻ പറയുന്നു.
രാവിലെ 6.30 മുതൽ ഏഴുമണിവരെ ദേവാലയത്തിലെത്തിലേക്ക് വരുന്നവരെ പ്രത്യേകമായി തെരഞ്ഞുപിടിക്കുന്ന ഒരു വൈറസാണ് ഈ ഒമിക്രോൺ എന്നാണ് മനസിലാക്കേണ്ടത്. മറ്റു സ്ഥലങ്ങളിൽ, റെസ്‌റ്റോറന്റുകളിലോ ബിവറേജുകളിലോ മാളുകളിലോ തിയറ്ററുകളിലോ ഒന്നും സാധാരണക്കാരെ ബാധിക്കാത്ത വൈറസ് ഭക്തജനങ്ങളെ പ്രത്യേകമായി ബാധിക്കുന്നതുകൊണ്ടാണ്, ആരോഗ്യ വകുപ്പ്, കേരള സർക്കാർ ഭക്തജനങ്ങളുടെ ആരോഗ്യം പ്രത്യേകമായി മുൻനിർത്തി ഈ ഒാർഡർ വച്ചിരിക്കുന്നത്. അതുകൊണ്ട് ഓർഡർ നമ്മൾ പാലിക്കണം. കേരള സർക്കാരും ആരോഗ്യ വകുപ്പുമെല്ലാം നല്ല അറിവുള്ളവരാണ്. അതുകൊണ്ട് അവർ പറയുന്ന നിർദേശങ്ങൾ നമ്മൾ പാലിക്കുക. ആരാധനാലയങ്ങളെ പ്രത്യേകിച്ച് ശ്രദ്ധിക്കുന്ന സർക്കാരിന്റെയും ആരോഗ്യ വകുപ്പിന്റെയും പ്രത്യേക കരുതലിനെ നമ്മൾ കാണണം. ഈ ഞായിക്രോൺ വൈറസിനെതിരെ പ്രത്യേകമായി നമ്മൾ പ്രാർത്ഥിക്കണം. വളരെ വൈകിയെങ്കിലും സഭ അതിനെതിരെ ഇന്നലെ പ്രതികരിച്ചിട്ടുണ്ട്. നമുക്കും നമ്മുടെ പ്രാർത്ഥനകളിൽ ഈ വൈറസൊക്കെ മാറി ദേവാലയത്തിൽ ഇരുപതോ അൻപതോ പേർക്കൊക്കെ കുർബാനയിൽ പങ്കെടുക്കാനുള്ള സാഹചര്യം ഉണ്ടാകാൻ വേണ്ടി പ്രത്യേകം പ്രാർത്ഥിക്കണമെന്നും വൈദികൻ കൂട്ടിച്ചേർത്തു.
ഞായറാഴ്ചകളിൽ മാത്രമുള്ള നിയന്ത്രണം ക്രിസ്ത്യാനികളുടെ ആരാധനാവകാശങ്ങളെ ഹനിക്കുന്നതാണെന്ന് കേരള കാത്തലിക് ബിഷപ്സ് കൗൺസിൽ(കെസിബിസി) വിമർശിച്ചിരുന്നു. വിശ്വാസികൾ ദേവാലയങ്ങളിലെ ആരാധനകളിൽ ഓൺലൈനിലൂടെ മാത്രമേ പങ്കെടുക്കാവൂവെന്ന സംസ്ഥാന സർക്കാരിന്റെ കർശന നിയന്ത്രണം യുക്തിസഹമല്ലെന്നും കെസിബിസി അധ്യക്ഷൻ മാർ ജോർജ് ആലഞ്ചേരി വാർത്താകുറിപ്പിൽ വിമർശിച്ചു.