വിജയ് പി.നായരെ ആക്രമിച്ച കേസിൽ ഭാഗ്യലക്ഷ്മിയുടേയും സുഹൃത്തുക്കളുടേയും മുൻകൂർ ജാമ്യാപേക്ഷ തള്ളി

0 586

വിജയ് പി.നായരെ ആക്രമിച്ച കേസിൽ ഭാഗ്യലക്ഷ്മിയുടേയും സുഹൃത്തുക്കളുടേയും മുൻകൂർ ജാമ്യാപേക്ഷ തള്ളി

യുട്യൂബർ വിജയ് പി.നായരെ ആക്രമിച്ച കേസിൽ ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി ഉൾപ്പെടെ മൂന്ന് പേർക്ക് ജാമ്യമില്ല. ഭാഗ്യലക്ഷ്മിയെ കൂടാതെ ദിയ സന, ശ്രീലക്ഷ്മി അറയ്ക്കൽ എന്നിവർക്കും മുൻകൂർ ജാമ്യമില്ല. ഇവർ സമർപ്പിച്ച ജാമ്യ ഹർജി കോടതി തള്ളി. തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയുടേതാണ് നടപടി.

മൂന്ന് പേർക്കും ജാമ്യം അനുവദിക്കുന്നതിനെ പ്രോസിക്യൂഷൻ കോടതിയിൽ എതിർത്തിരുന്നു. ജാമ്യം കുറ്റം ചെയ്യുന്നവർക്ക് പ്രേരണയാകുമെന്ന വാദം കോടതി അംഗീകരിച്ചു. കടുത്ത വിമർശനമാണ് ഭാഗ്യലക്ഷ്മി ഉൾപ്പെടെയുള്ളവർക്കെതിരെ കോടതി ഉന്നയിച്ചത്. മൂന്ന് പേരുടേയും പ്രവൃത്തി ഒട്ടും സംസ്‌കാരമില്ലാത്തതാണെന്ന് കോടതി ചൂണ്ടിക്കാട്ടി. സമാധാനവും നിയമവും കാത്തുസൂക്ഷിക്കേണ്ട ബാധ്യത കോടതിക്കുണ്ട്. കായിക ബലം കൊണ്ട് നിയമത്തെ കൈയിലെടുക്കാൻ അനുവദിക്കില്ലെന്നും കോടതി വ്യക്തമാക്കി.
അഞ്ചുവർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ഭാഗ്യലക്ഷ്മിക്കും മറ്റ് രണ്ട് പേർക്കുമെതിരെ ചുമത്തിയിരിക്കുന്നത്.