ഭര്‍ത്താവ് മക്കളെ പീഡിപ്പിച്ചെന്ന് വ്യാജപരാതി; ഭാര്യക്കെതിരേ കേസെടുക്കാന്‍ ഉത്തരവ്

261

 

 

പത്തനംതിട്ട: പ്രായപൂര്‍ത്തിയാകാത്ത മക്കളെ ഭര്‍ത്താവും സുഹൃത്തുംചേര്‍ന്ന് പീഡിപ്പിച്ചെന്ന് വ്യാജപരാതി നല്‍കിയ ഭാര്യക്കെതിരേ കേസെടുക്കാന്‍ പത്തനംതിട്ട പോക്സോ കോടതി ജഡ്ജി സനു എസ്.പണിക്കര്‍ ഉത്തരവിട്ടു. കേസില്‍ കുട്ടികളുടെ അച്ഛനെയും സുഹൃത്തിനെയും വെറുതേവിടുകയുംചെയ്തു.

2016 മാര്‍ച്ചില്‍ കുടുംബവഴക്ക് സംബന്ധിച്ച്‌ ഭാര്യ, ഭര്‍ത്താവിനെതിരേ പന്തളം പോലീസില്‍ പരാതി കൊടുത്തു. ഭര്‍ത്താവിനെതിരേ പോലീസ് കേസെടുത്തു. ഇതിനുശേഷം പിരിഞ്ഞുതാമസിച്ച ഇവരുടെ ഇരട്ടപ്പെണ്‍കുട്ടികളില്‍ ഒരാള്‍ അച്ഛനൊപ്പവും മറ്റേയാള്‍ അമ്മയ്ക്കൊപ്പവുമായിരുന്നു. ഒന്‍പത് വയസ്സുള്ള മകളെ അച്ഛനും സുഹൃത്തുംചേര്‍ന്ന് ലൈംഗികമായി പീഡിപ്പിച്ചെന്ന്, പിരിഞ്ഞുതാമസിച്ച്‌ ഒന്‍പതുമാസം കഴിഞ്ഞ് അമ്മ വനിതാസെല്ലില്‍ പരാതി നല്‍കി. തനിക്കൊപ്പം താമസിക്കുന്ന കുട്ടിയെക്കൊണ്ട്, ഇങ്ങനെ പീഡനത്തിനിരയായെന്ന് മൊഴി കൊടുപ്പിക്കുകയും ചെയ്തു. സഹോദരിയെയും പീഡിപ്പിച്ചെന്ന്‌ ഈ കുട്ടിയെക്കൊണ്ട് പറയിപ്പിച്ചു. തുടര്‍ന്ന്, കുട്ടിയുടെ അച്ഛനെയും സുഹൃത്തിനെയും പോലീസ് അറസ്റ്റുചെയ്തു.

എന്നാല്‍, പീഡിപ്പിച്ചതായി മൊഴി കൊടുക്കുന്നതിന്, കുട്ടിയെ അമ്മ പ്രേരിപ്പിക്കുകയായിരുന്നെന്ന് പിന്നീട് കോടതിക്ക് ബോധ്യമായി. അമ്മയെ വിസ്തരിച്ചതില്‍നിന്നും കുട്ടിയുടെ മെഡിക്കല്‍ പരിശോധനയിലുമാണ് വ്യക്തത വന്നത്. അച്ഛന്റെകൂടെ താമസിച്ചിരുന്ന കുട്ടി, തന്നെ പീഡിപ്പിച്ചതായി കോടതിയില്‍ മൊഴി നല്‍കിയുമില്ല.

ഭര്‍ത്താവിനോട് ഭാര്യക്കുള്ള വിരോധംമൂലം മകളെക്കൊണ്ട് ഇങ്ങനെ മൊഴി പറയിപ്പിക്കുകയായിരുന്നെന്ന് കോടതി കണ്ടെത്തി. അമ്മയുടെ സഹോദരനുള്ള വിരോധമാണ്, അച്ഛന്റെ സുഹൃത്തിനെ കേസില്‍ ഉള്‍പ്പെടുത്താന്‍ കാരണമെന്നും വ്യക്തമായി. ഭര്‍ത്താവിനും സുഹൃത്തിനുംവേണ്ടി അഡ്വ. എസ്.സരോജ് മോഹന്‍, അഡ്വ.ജോണ്‍സണ്‍ വിളവിനാല്‍ എന്നിവര്‍ ഹാജരായി.