കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട
കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. നാലു യാത്രക്കാരിൽ നിന്നായി നികുതി വെട്ടിച്ച് കടത്താൻ ശ്രമിച്ച ആറ് കിലോയോളം സ്വർണം കണ്ടെത്തി. ഒരു സ്ത്രീ ഉൾപ്പെടെ 4 പേർ കസ്റ്റംസ് പരിശോധനയിൽ പിടിയിലായി. 24 മണിക്കൂറിനിടെ കരിപ്പൂരിൽ രണ്ടര കോടി രൂപയുടെ സ്വർണമാണ് പിടികൂടിയത്.കസ്റ്റംസ് പ്രിവെൻഷൻ ഡിവിഷൻ്റെ പരിശോധനയിലാണ് രണ്ട് കിലോ മുന്നൂറു ഗ്രാം സ്വർണ മിശ്രിതം പിടിച്ചത്. ഷാർജയിൽ നിന്ന് എയർ അറേബ്യ വിമാനത്തിലെത്തിയ കണ്ണൂർ പെരിങ്ങളം സ്വദേശിനി ജസീല അടി വസ്ത്രത്തിൽ ഒളിപ്പിച്ചാണ് 1673.7 ഗ്രാം സ്വർണം കടത്താൻ ശ്രമിച്ചത്. ഇതേ വിമാനത്തിൽ എത്തിയ കോഴിക്കോട് സ്വദേശി മുഹമ്മദ് അസീബ് മല ദ്വാരത്തിൽ ഒളിപ്പിച്ച 660 ഗ്രാം ക്വാപ്സ്യൂൾ രൂപത്തിലുള്ള സ്വർണ മിശ്രിതവുമായും പിടിയിലായി.എയർ കസ്റ്റംസ് ഇൻ്റലിജൻസിൻ്റ പരിശോധനയിലാണ് മറ്റു രണ്ടു യാത്രക്കാരിൽ നിന്നായി മൂന്നു കിലോ 700 ഗ്രാം സ്വർണ മിശ്രിതം പിടിച്ചത്. ദുബായിൽ നിന്ന് സ്പെയ്സ് ജെറ്റ് വിമാനത്തിലെത്തിയ കോഴിക്കോട് താമരശ്ശേരി സ്വദേശി കോരങ്ങാട് ഷാനവാസ് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെത്തിയ കണ്ണൂർ സ്വദേശി എംവി സൈനുദീൻ എന്നിവരാണ് ഒരു കോടി അറുപത്തഞ്ച് ലക്ഷം രൂപയുടെ സ്വർണം കടത്താൻ ശ്രമിച്ചത്. കാൽമുട്ടിൽ കെട്ടിവച്ച് സ്വർണ മിശ്രിതം കടത്താനായിരുന്നു സൈനുദ്ദീൻ്റെ പദ്ധതി. സോക്സിനുള്ളിലാണ് ഷാനവാസ് സ്വർണം ഒളിപ്പിച്ചത്. ആകെ രണ്ടരക്കോടിയിലധികം രൂപയുടെ സ്വർണ കടത്താണ് കസ്റ്റംസ് കരിപ്പൂരിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ കണ്ടെത്തിയത്