പനകൊണ്ടുള്ള ബയോ ഫെന്‍സിങ് പദ്ധതി. കൊട്ടിയൂര്‍ പഞ്ചായത്തിൽ വനം വകുപ്പിൻ്റെയും നാട്ടുകാരുടെയും ജനപ്രതിനിധികളുടെയും യോഗം ചേര്‍ന്നു.

0 854

പനകൊണ്ടുള്ള ബയോ ഫെന്‍സിങ് പദ്ധതി. കൊട്ടിയൂര്‍ പഞ്ചായത്തിൽ വനം വകുപ്പിൻ്റെയും നാട്ടുകാരുടെയും ജനപ്രതിനിധികളുടെയും യോഗം ചേര്‍ന്നു.

കൊട്ടിയൂര്‍:വന്യമൃഗങ്ങളെ പ്രതിരോധിക്കുന്നതിനായി കൊട്ടിയൂർ പഞ്ചായത്തിലെ പന്ന്യാമലയില്‍ പരീക്ഷണ അടിസ്ഥാനത്തില്‍ നടപ്പിലാക്കുന്ന ബയോ ഫെന്‍സിങ് പദ്ധതിയുമായി ബന്ധപ്പെട്ട് വനംവകുപ്പിന്റെ നേതൃത്വത്തില്‍ കൊട്ടിയൂര്‍ പഞ്ചായത്ത് ഹാളില്‍ ആലോചന യോഗം ചേര്‍ന്നു. ഇന്ത്യയില്‍ തന്നെ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതിയാണിത്. പാല്‍മിറ എന്ന പ്രത്യേകതരം പന നട്ടുപിടിപ്പിച്ച് അഞ്ചുവര്‍ഷം കൊണ്ട് വന്യമൃഗങ്ങള്‍ക്ക് ജനവാസ കേന്ദ്രങ്ങളിലേക്ക് കടക്കാന്‍ പറ്റാത്ത വിധം പ്രതിരോധം തീര്‍ക്കുകയാണ് പദ്ധതികൊണ്ട് വനം വകുപ്പ് ഉദ്ദേശിക്കുന്നത്. ഒരു കിലോമീറ്റര്‍ ദൈര്‍ഘ്യത്തിലാണ് പരീക്ഷണാടിസ്ഥാനത്തില്‍ പന വെച്ചുപിടിപ്പിക്കുന്നത്. ഒരു നിരയില്‍ 1000 പനകള്‍ എന്ന നിലയില്‍ ഇത്തരത്തില്‍ നാലു വരികളിലാണ് പന വെച്ചുപിടിപ്പിക്കുക. കെല്‍പ്പാമിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത്. ആദ്യഘട്ടമെന്ന നിലയില്‍ 25 ലക്ഷം രൂപയാണ് ഇതിനായി അനുവദിക്കുക. ഇന്ത്യയില്‍ തന്നെ ഇതുവരെ പരീക്ഷിച്ചിട്ടില്ലാത്ത പദ്ധതി അതുകൊണ്ടുതന്നെ വനം വകുപ്പിനും ഇതിന് 100% വിജയം കാണും എന്ന് ഉറപ്പില്ല. എങ്കിലും ശ്രീലങ്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ ഇത്തരത്തിലുള്ള ബയോ ഫെന്‍സിംഗ് നടപ്പിലാക്കി വിജയിച്ചിട്ടുണ്ട് എന്നാണ് വനംവകുപ്പ് അവകാശപ്പെടുന്നത്. പന്ന്യാമലയില്‍ നടപ്പിലാക്കുന്ന പദ്ധതി തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെടുത്തി നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നത്. തെങ്കാശിയില്‍ നിന്നും ആണ് ഇതിനാവശ്യമായ തൈകള്‍ എത്തിക്കുക. ബയോ ഫെന്‍സിംഗ് നടപ്പിലാക്കാനുള്ള സ്ഥലം കണ്ടെത്തി ഉറപ്പുവരുത്തുന്നതിനായി പഞ്ചായത്ത് തലത്തില്‍ പ്രത്യേക കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. യോഗത്തില്‍ പഞ്ചായത്ത് പ്രസിഡണ്ട് ഇന്ദിരാ ശ്രീധരന്‍ അധ്യക്ഷത വഹിച്ചു. സണ്ണി ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു.
ആറളം വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ എ. ഷജ്‌ന പദ്ധതി വിശദീകരണം നടത്തി. ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍മാരായ സോളമന്‍ തോമസ് ജോര്‍ജ്, പി. വിനു, പഞ്ചായത്ത് വൈസ് പ്രസിഡന്റ് റോയി നമ്പുടാകം, ബ്ലോക്ക് പഞ്ചായത്തംഗം മാത്യു പറമ്പന്‍, പഞ്ചായത്ത് സെക്രട്ടറി കെ കെ സത്യന്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളായ പി സി രാമകൃഷ്ണന്‍, കെ രാധാകൃഷ്ണന്‍, കെഎസ് നിധിന്‍, മറ്റ് പഞ്ചായത്ത് ജനപ്രതിനിധികള്‍, വനംവകുപ്പ് ഉദ്യോഗസ്ഥര്‍, പ്രദേശവാസികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.