ജനന-മരണങ്ങള്‍ ലോക് ഡൗണ്‍ കഴിഞ്ഞാലുടന്‍ റിപ്പോര്‍ട്ട് ചെയ്യണം
കോവിഡ് 19നെ തുടര്‍ന്ന് രാജ്യമൊട്ടാകെ ലോക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ സംസ്ഥാനത്തെ ജനന മരണ രജിസ്‌ട്രേഷനുകള്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് യഥാസമയം നടപടികള്‍ സ്വീകരിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ച് ചീഫ് രജിസ്ട്രാര്‍ സര്‍ക്കുലര്‍ പുറപ്പെടുവിച്ചു.
ലോക് ഡൗണ്‍ കാലയളവില്‍ 21 ദിവസം കഴിയുന്നതും ലോക് ഡൗണ്‍ അവസാനിക്കുന്ന ദിവസം റിപ്പോര്‍ട്ടിംഗ് കാലാവധി കഴിയുന്നതുമായ ജനന മരണങ്ങള്‍ യഥാസമയം റിപ്പോര്‍ട്ട് ചെയ്തില്ലെങ്കിലോ, രജിസ്‌ട്രേഷന്‍ കഴിഞ്ഞിട്ടില്ലെങ്കിലോ അപ്രകാരമുള്ള ജനന മരണങ്ങള്‍ ലോക് ഡൗണ്‍ കാലാവധി അവസാനിക്കുന്നതിന്റെ തൊട്ടടുത്ത ദിവസം റിപ്പോര്‍ട്ട് ചെയ്ത് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. കൂടാതെ ഈ കാലയളവില്‍, ടെലഫോണ്‍ മുഖേനയോ, ഇ മെയില്‍ മുഖേനയോ വാക്കാലോ നല്‍കിയ ജനന മരണ വിവരങ്ങള്‍ യഥാസമയം ഇന്‍വേഡ് ചെയ്യുന്നതിനും ലോക് ഡൗണ്‍ അവസാനിക്കുന്നതിന്റെ അടുത്ത ദിവസം റിപ്പോര്‍ട്ട് വാങ്ങി തദ്ദേശ സ്ഥാപന രജിസ്ട്രാര്‍മാര്‍ രജിസ്‌ട്രേഷന്‍ നടത്തേണ്ടതാണ്. ലോക്ഡൗണ്‍ കാലയളവില്‍ നിയമാനുസൃതം രജിസ്റ്റര്‍ ചെയ്യാനും റിപ്പോര്‍ട്ട് ചെയ്യാനും കഴിയാതിരുന്ന എല്ലാ ജനന മരണങ്ങളും ലോക്ഡൗണ്‍ കാലാവധി അവസാനിക്കുന്നതിന്റെ തൊട്ടടുത്ത പ്രവൃത്തി ദിവസം റിപ്പോര്‍ട്ട് ചെയ്യാന്‍ പൊതുജനങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്.