രാജ്യത്തെ ഏറ്റവുമധികം ആസ്തിയുള്ള പാര്‍ട്ടി ബി.ജെ.പി; രണ്ടാം സ്ഥാനത്ത് ബി.എസ്.പി; മൂന്നാമത് കോൺഗ്രസ്

0 923

രാജ്യത്തെ ഏറ്റവും സമ്പന്നമായ രാഷ്ട്രീയപാർട്ടിയായി ബി.ജെ.പി. 2019-20 സാമ്പത്തിക വർഷത്തിലെ കണക്കുകള്‍ പ്രകാരമാണ് രാജ്യത്തെ ഏറ്റവുമധികം ആസ്തിയുള്ള പാര്‍ട്ടിയായി ബി.ജെ.പി മാറിയത്. 4847.78 കോടി രൂപയാണ് ബി.ജെ.പി യുടെ ആകെ ആസ്തി. അസോസിയേറ്റ് ഓഫ് ഡെമോക്രാറ്റിക് റീഫോംസ് (എ.ഡി.ആര്‍) ആണ് രാജ്യത്തെ സമ്പന്നമായ രാഷ്ട്രീയ പാര്‍ട്ടികളുടെ കണക്കുകള്‍ പുറത്തുവിട്ടത്.

സമ്പത്തിൽ രണ്ടാം സ്ഥാനത്ത് രാജ്യത്തെ പ്രധാനപ്രതിപക്ഷ പാർട്ടിയായ കോൺഗ്രസല്ല. 698.33 കോടി രൂപയുടെ ആസ്തിയുമായി മായാവതിയുടെ ബി.എസ്.പി യാണ് രണ്ടാംസ്ഥാനത്ത്. 588.16 കോടിയുടെ ആസ്തിയുമായി കോൺഗ്രസ് മൂന്നാം സ്ഥാനത്താണ്.

രാജ്യത്തെ പ്രധാനപ്പെട്ട ഏഴ് ദേശീയ പാർട്ടികളുടെ ആസ്തി മൊത്തം കൂട്ടിയാൽ 6,988 കോടി രൂപയോളം വരും. ഒപ്പം രാജ്യത്തെ 44 പ്രാദേശികപാർട്ടികളുടെ വരുമാനം കൂട്ടിയാൽ 2,129 കോടി രൂപയുണ്ടാവും. പ്രാദേശിക പാർട്ടികളിൽ ഏറ്റവുമധികം സമ്പത്തുള്ളത് അഖിലേഷ് യാദവിന്റെ സമാജ്‍വാദി പാർട്ടിക്കാണ്. 563.47 കോടി രൂപയാണ് സമാജ്‍വാദി പാർട്ടിയുടെ ആസ്തി. തെലങ്കാനയിലെ ടി.ആർ.എസും തമിഴ്‌നാട്ടിലെ എ.ഐ.ഡി.എം കെയുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ളത്. ടി.ആർ.എസിന്റെ ആസ്തി 301.47 കോടിയാണെങ്കിൽ എ.ഐ.ഡി.എം കെയുടെ ആസ്തി 267.61 കോടി രൂപയാണ്.