ഭരണപക്ഷവും പ്രതിപക്ഷവും ഗവര്‍ണറെ ആക്ഷേപിക്കുന്നുവെന്ന് ബിജെപി

0 1,253

ഭരണപക്ഷവും പ്രതിപക്ഷവും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ ആക്ഷേപിക്കുന്നുവെന്ന ആരോപണവുമായി ബിജെപി. സര്‍ക്കാര്‍ ഭരണഘടനാ വിരുദ്ധമായി പ്രവര്‍ത്തിക്കുമ്പോള്‍ ഭരണഘടനയെ സംരക്ഷിക്കുന്നതിനുള്ള നിലപാടുകളാണ് ഗവര്‍ണര്‍ സ്വീകരിക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പറഞ്ഞു. സര്‍വകലാശാലകളെ മുഴുവന്‍ സി പി ഐ എമ്മിന്റെ പാര്‍ട്ടി താല്‍പര്യങ്ങള്‍ക്ക് അനുസൃതമായി മാറ്റിയപ്പോഴാണ് ഗവര്‍ണര്‍ ഇടപെട്ടത്. പേഴ്‌സണല്‍ സ്റ്റാഫില്‍ ഉള്‍പ്പെടുത്തി പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും ബന്ധുക്കള്‍ക്കും ആജീവനാന്ത പെന്‍ഷന്‍ സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് നല്‍കുകയാണ്. ഇത് ചോദ്യം ചെയ്യാനുള്ള ബാധ്യത ഗവര്‍ണര്‍ക്കുണ്ട്. ജ്യോതിലാലിനെ മാറ്റേണ്ടി വന്നത് സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് തെറ്റുണ്ടായി എന്നതിന്റെ തെളിവാണെന്നും സുരേന്ദ്രന്‍ മാധ്യമങ്ങളെ കാണവേ പറഞ്ഞു.

മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫ് നിയമനത്തിനെതിരെ സര്‍ക്കാരിന് വീണ്ടും വിമര്‍ശനവുമായി ഗവര്‍ണര്‍ രംഗത്തെത്തിയ പശ്ചാത്തലത്തിലായിരുന്നു സുരേന്ദ്രന്റെ പ്രതികരണം. പേഴ്‌സണല്‍ സ്റ്റാഫില്‍ പാര്‍ട്ടി റിക്രൂട്ട്‌മെന്റാണ് നടക്കുന്നതെന്നാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ആരോപിച്ചത്. രാജ്ഭവനെ നിയന്ത്രിക്കാന്‍ മറ്റാര്‍ക്കും അധികാരമില്ലെന്ന് ഗവര്‍ണര്‍ സൂചിപ്പിച്ചു. രാജ്ഭവനെ നിയന്ത്രിക്കാന്‍ ശ്രമിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും ഗവര്‍ണര്‍ ആഞ്ഞടിച്ചു. സര്‍ക്കാരിന് അതിന് യാതൊരു അവകാശവുമില്ലെന്നും തനിക്ക് ഉത്തരം പറയാനുള്ള ബാധ്യത രാഷ്ട്രപതിയോട് മാത്രമേയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പേഴ്‌സണല്‍ സ്റ്റാഫ് നിയമനത്തിന്റെ പേരില്‍ പാര്‍ട്ടി കേഡര്‍ വളര്‍ത്തുന്നുവെന്ന വിമര്‍ശനമാണ് ഇന്ന് ഗവര്‍ണര്‍ ആവര്‍ത്തിച്ചത്. രണ്ട് വര്‍ഷം കൂടുമ്പോള്‍ സ്റ്റാഫിനെ മാറ്റുകയാണ്. ഇത് സംസ്ഥാനത്തിന് വലിയ സാമ്പത്തിക ബാധ്യതയാണുണ്ടാക്കുന്നത്. പൊതുജനങ്ങളുടെ പണമാണ് നഷ്ടമാകുന്നത്. രണ്ട് വര്‍ഷം കഴിഞ്ഞാല്‍ പെന്‍ഷന്‍ എന്ന രീതിയെയാണ് താന്‍ ഏറ്റവുമധികം എതിര്‍ത്തത്. ഈ രീതി റദ്ദാക്കി നയപ്രഖ്യാപനത്തില്‍ ഉള്‍പ്പെടുത്തണമെന്ന് താന്‍ ആവശ്യപ്പെട്ടിരുന്നെന്നും ഗവര്‍ണര്‍ വ്യക്തമാക്കി. ജ്യോതിലാലിനെ മാറ്റാന്‍ താന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നാണ് ഗവര്‍ണര്‍ പറഞ്ഞത്. തന്റെ നിലപാടുകളിൽ നിന്ന് പിന്നോട്ടുപോകില്ലെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.

പ്രതിപക്ഷ നേതാവ് വി ഡി സതീശനുനേരെ കടുത്ത ഭാഷയിലാണ് ഗവര്‍ണര്‍ വിമര്‍ശനം ഉന്നയിച്ചത്. ഒരു പ്രതിപക്ഷ നേതാവ് എങ്ങനെയാണ് പ്രവര്‍ത്തിക്കേണ്ടതെന്ന് അദ്ദേഹം ഉമ്മന്‍ ചാണ്ടിയില്‍ നിന്നും രമേശ് ചെന്നിത്തലയില്‍ നിന്നുമെല്ലാം പഠിക്കണമെന്ന് ഗവര്‍ണര്‍ പറഞ്ഞു. ഗവര്‍ണര്‍ ബാലിശമായി പെരുമാറുന്നുവെന്ന് വിമര്‍ശനം ഉന്നയിച്ച മുന്‍ മന്ത്രി എ കെ ബാലനെതിരെ അതേ നാണയത്തില്‍ത്തന്നെ ഗവര്‍ണര്‍ തിരിച്ചടിച്ചു. മുന്‍മന്ത്രി ബാലിശമായി പെരുമാറുന്നുവെന്നാണ് ഗവര്‍ണര്‍ പ്രതികരിച്ചത്.