പാര്‍ശ്വവല്‍കൃതരുടെ അവകാശങ്ങള്‍ നിഷേധിക്കാന്‍ ബിജെപി ചരിത്രത്തെ വളച്ചൊടിക്കുന്നു: മമത ബാനര്‍ജി
പാര്‍ശ്വവല്‍കൃത സമൂഹങ്ങളുടെ ന്യായമായ അവകാശങ്ങള്‍ നിഷേധിക്കുന്നതിനായി ബിജെപി ചരിത്രത്തേയും വസ്തുതകളേയും വളച്ചൊടിക്കുകയാണെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ബിജെപി ഭരണത്തിനു കീഴില്‍ ദളിത്, ആദിവാസി വിഭാഗങ്ങള്‍ നിരന്തരം ആക്രമിക്കപ്പെടുകയാണെന്ന് മമത പറഞ്ഞു. യഥാര്‍ഥ ഹിന്ദുമതം വിസ്മൃതിയിലാണ്ടു പോകുന്നുവെന്നും തെരഞ്ഞെടുപ്പ് അടുക്കുന്ന സമയത്ത് സ്വയം വിശുദ്ധനെന്ന് പ്രഖ്യാപിച്ച് മോദിയും കൂട്ടരും ഹിന്ദുത്വയിലൂന്നി പ്രചാരണം നടത്തുകയാണെന്നും മമത ആഞ്ഞടിച്ചു.
ഇന്ത്യയുടെ ബിംബങ്ങളെ തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ മാത്രമാണ് ബിജെപിക്ക് ഓര്‍മ്മ വരുന്നതെന്നും മമത പരിഹസിച്ചു. ബിജെപി എല്ലാം നശിപ്പിക്കുകയാണ്. ആദ്യം അവര്‍ ഡല്‍ഹിയിലെ അമര്‍ ജവാന്‍ ജ്യോതി നീക്കം ചെയ്തു. ഇന്ത്യാ ഗേറ്റിലെ നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ ഹോളാഗ്രാം പ്രതിമ പോലും ബിജെപി ഭരണത്തിനുകീഴില്‍ അപ്രത്യക്ഷമായെന്നും മമത ബാനര്‍ജി വിമര്‍ശിച്ചു.
പിഎം കെയര്‍ ഫണ്ട് തീരെ സുതാര്യത ഇല്ലാതെയാണ് പ്രവര്‍ത്തിക്കുന്നതെന്ന ആരോപണവും മമത ഉന്നയിച്ചു. പിഎം കെയര്‍ ഫണ്ടിലേക്ക് മഹാമാരിക്കാലത്ത് ഒഴുകിയെത്തിയ കോടികള്‍ എങ്ങനെ ചെലവാക്കപ്പെട്ടു എന്ന് ആര്‍ക്കും അറിവില്ല. കൊവിഡ് മൂലം ഇന്ത്യക്കാര്‍ സാമ്പത്തികമായി ഞെരുക്കം അനുഭവിക്കുകയാണ്. കെയര്‍ ഫണ്ടിലെക്ക് വന്ന ലക്ഷങ്ങളും കോടികളും എവിടെപ്പോയെന്ന് വ്യക്തമാക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ടെന്നും മമത കൂട്ടിച്ചേര്‍ത്തു. വാക്‌സിന്‍ എടുത്ത് കഴിയുമ്പോള്‍ കിട്ടുന്നത് പ്രധാനമന്ത്രിയുടെ ചിത്രമാണ്. ഇതെല്ലാം ആരുടെ പണമാണെന്ന് സര്‍ക്കാര്‍ ഓര്‍മ്മിക്കണം. ഉത്തര്‍പ്രദേശില്‍ ബിജെപി സര്‍ക്കാര്‍ 42 ലക്ഷം വീടുകള്‍ വെച്ചുനല്‍കിയെന്നത് പച്ചക്കള്ളമാണെന്നും മമത ആഞ്ഞടിച്ചു.