സി.പി.എം. പ്രവര്‍ത്തകനെ വധിക്കാന്‍ശ്രമിച്ച കേസ്: എട്ട് ബി.ജെ.പി. പ്രവര്‍ത്തകര്‍ക്ക് തടവും പിഴയും

0 173

 

തലശ്ശേരി: കൂത്തുപറമ്ബ് മാങ്ങാട്ടിടത്തെ സിപി.എം. പ്രവര്‍ത്തകനെ വധിക്കാന്‍ശ്രമിച്ച കേസില്‍ എട്ട് ബി.ജെ.പി. പ്രവര്‍ത്തകര്‍ക്ക് പത്തുവര്‍ഷം വീതം കഠിനതടവും ഒരുലക്ഷം രൂപ വീതം പിഴയും ശിക്ഷ. ചാത്തമ്ബറ്റ ഹൗസില്‍ തൊണ്ടു ബാലന്‍ ഭാസ്കരനെ കൊത്തിയും വെട്ടിയും കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നാണ് കേസ്.

വിവിധ വകുപ്പുകള്‍ പ്രകാരം 20 വര്‍ഷവും ഒന്‍പത് മാസവും 15 ദിവസവും വീതം തടവും ഒരുലക്ഷം രൂപ വീതം പിഴയടക്കാനും തലശ്ശേരി പ്രിന്‍സിപ്പല്‍ അസി. സെഷന്‍സ് ജഡ്ജി ഹരിപ്രിയ പി. നമ്ബ്യാര്‍ വിധിച്ചു. ഇതോടൊപ്പം രണ്ടും ഏഴും പ്രതികളായ നിധീഷ്, സുബിന്‍ലാല്‍ എന്നിവരെ ഒരുവര്‍ഷം വീതം തടവിനും ശിക്ഷിച്ചു.

പിഴയടച്ചില്ലെങ്കില്‍ നാലുവര്‍ഷം കൂടി തടവ് അനുഭവിക്കണം. പിഴയടച്ചാല്‍ തുക പരിക്കേറ്റ ബാലന് നല്‍കണം. ശിക്ഷ ഒന്നിച്ചനുഭവിച്ചാല്‍ മതി. പ്രോസിക്യൂഷനുവേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സി.കെ.രാമചന്ദ്രന്‍ ഹാജരായി. മാങ്ങാട്ടിടം ആമ്ബിലാട് കുറുമ്ബുക്കല്‍ കനാല്‍കണ്ടി മുത്തപ്പന്‍ ക്ഷേത്രത്തിനു സമീപം കനാല്‍കരയില്‍ 2008 ഫെബ്രുവരി 12-ന് വൈകീട്ട് ആറിനാണ് സംഭവം.

മാങ്ങാട്ടിടം കിണറ്റിന്റവിട തയ്യില്‍ ഹൗസില്‍ പുത്തലത്ത് വിനോദന്‍ (52), മാങ്ങാട്ടിടം പാറേമ്മല്‍ ഹൗസില്‍ പള്ളിപിരിയത്ത് നിധീഷ് (32), മാങ്ങാട്ടിടം പാറക്കണ്ടി ഹൗസില്‍ ഉച്ചുമ്മല്‍ രാമകൃഷ്ണന്‍ എന്ന രാമന്‍ (54), മാങ്ങാട്ടിടം പാര്‍വതി ഹൗസില്‍ പുത്തന്‍വീട്ടില്‍ മാവില സജില്‍ എന്ന സജിത്ത് (33), കിണറ്റിന്റവിട മഠത്തില്‍ ഹൗസില്‍ പുതിയേടത്ത് ബിജു (46), ആമ്ബിലാട് വലംപിരി ഹൗസില്‍ അതിര്‍കുന്നേല്‍ പ്രജീഷ് (37), അതിര്‍കുന്നേല്‍ സുബിന്‍ ലാല്‍ (37), ആമ്ബിലാട് താരിപൊയില്‍ ഹൗസില്‍ പുന്നക്കല്‍ ദയാളന്‍ (47) എന്നിവരെയാണ് ശിക്ഷിച്ചത്.