ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് തീ പിടിച്ച വീട്ടിലേക്ക് വിദ്യാര്‍ത്ഥി ഓടിയെത്തി; തലയില്‍ തേങ്ങ വീണു
കോഴിക്കോട്: വീട്ടിലെ റഫ്രിജറേറ്റര്‍ പൊട്ടിത്തെറിച്ച് തീ പടര്‍ന്നു. ചെറുവറ്റ നുപ്പട്ടുപൊയില് യൂസഫിന്റെ വീട്ടിലെ റഫ്രിജറേറ്ററാണ് പൊട്ടിത്തെറിച്ച് തീ പിടിച്ചത്. നിമിഷനേരം കൊണ്ടു വീടു മുഴുവന്‍ പുക മയമായി. താഴെ നിലയില്‍ തീ മുകളിലേക്ക് ആളിക്കത്തി ഇവിടെയുണ്ടായിരുന്ന വിറകിനു പിടിച്ചു. ജനല്‍ ചില്ലുകള്‍ പൊട്ടിത്തെറിച്ചു. സീലിങ് അടര്‍ന്നിട്ടുണ്ട്. വൈദ്യുത ഉപകരണങ്ങള്‍, വീട്ടുപകരണങ്ങള്‍, വയറിങ് തുടങ്ങിയവയും കത്തി നശിച്ചു.
നാട്ടുകാരും വെള്ളിമാടുകുന്നില്‍ നിന്നു സ്റ്റേഷന് ഓഫീസര്‍ കെപി ബാബുരാജിന്റെ നേതൃത്വത്തിലെത്തിയ മൂന്ന് യൂണിറ്റ് അഗ്നിരക്ഷാ സേനയും തീയണച്ചു. ചേവായൂര്‍ പൊലീസും സ്ഥലത്തെത്തിയിരുന്നു.
തീ കത്തിയതിനെ തുടര്‍ന്നു വീട്ടില്‍ നിന്നു മാറ്റിയ ഫ്രിഡ്ജ് ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ പുറത്തെ പറമ്ബിലിട്ടതില് നിന്നു വീണ്ടും തീ ഉയര്‍ന്നു. തീ പിടിച്ച വീട്ടിലെത്തിയ വിദ്യാര്‍ത്ഥിയുടെ തലയില്‍ തേങ്ങ വീണതിനെ തുടര്‍ന്നു മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടി.