ഗവൺമെന്റ് മെഡിക്കൽ കോളേജിൽ ലഭിച്ച പി.പി.ഇ കിറ്റിൽ ചോരക്കറ; ഉന്നതതല അന്വേഷണം നടത്തണം: സതീശൻ പാച്ചേനി
സംസ്ഥാന സർക്കാർ കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജിലേക്ക് നല്കിയ പി.പി.ഇ കിറ്റിൽ ചോരക്കറ കണ്ട സംഭവം ഉന്നതതലത്തിൽ അന്വേഷിക്കണമെന്ന് ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനി ആവശ്യപ്പെട്ടു.
കോവിഡിന്റെ മറവിൽ ആരോഗ്യ വകുപ്പിൽ നടക്കുന്ന അഴിമതിയെ കുറിച്ച് വ്യാപകമായി പരാതി ഉയർന്ന് വരുന്ന സാഹചര്യത്തിലാണ് ഭയാനകമായ രൂപത്തിൽ
കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജിൽ നഴ്സുമാർക്ക് ധരിക്കാൻ നൽകിയ പി പി ഇ കിറ്റിൽ വ്യാപകമായി ചോരക്കറ കണ്ടെത്തുന്നത്. ഒരാഴ്ച മുൻപും ഇത്തരത്തിൽ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട് എന്നാണ് ആശുപത്രിയിൽ നിന്നും വാർത്ത പുറത്ത് വരുന്നത്. ഉപയോഗിച്ച കിറ്റുകൾ തന്നെ വീണ്ടും ഉപയോഗിക്കുന്നതിന് പേക്കറ്റാക്കി അയക്കുന്നു എന്നതാണ് വ്യക്തമാവുന്നത്.
കോവിഡ് രോഗികളെ പരിചരിക്കാൻ ഡ്യൂട്ടിക്കെത്തിയ നഴ്സുമാർക്ക് ധരിക്കാനായി നല്കിയ പി.പി.ഇ കിറ്റിന്റെ പാക്കറ്റ് പൊട്ടിച്ചപ്പോഴാണ് ഇത്തരത്തിൽ ചോരക്കറ കണ്ടെത്തിയത് എന്നുള്ളത് ഭയാശങ്കയോടെ മാത്രമേ നോക്കിക്കാണാൻ കഴിയുകയുള്ളൂ.
മെഡിക്കൽ കോളേജിൽ ലഭ്യമായ പാക്കറ്റുകൾ ഓരോന്നായി പരിശോധിച്ചപ്പോൾ മിക്കതിലും ചോരക്കറ കണ്ടെത്തി എന്ന വിവരം തട്ടിപ്പിന്റെയും അഴിമതിയുടെയും ആഴം വ്യക്തമാക്കുന്നു.
സ്വന്തം ജീവൻ പോലും പണയപ്പെടുത്തി ആരോഗ്യ പ്രവർത്തകർ ജോലി ചെയ്യുമ്പോൾ ഒരു സുരക്ഷാ മാർഗമായി കാണുന്ന പി പി ഇ കിറ്റിലും ഇത്തരത്തിൽ കൃത്രിമം നടത്തുന്ന മെഡിക്കൽ സർവീസസ് കോർപ്പറേഷന്റെ കാര്യങ്ങളൊന്നും ആരോഗ്യ മന്ത്രി അറിയുന്നില്ലേ എന്നത് വ്യക്തമാക്കണം.
ആരോഗ്യപ്രവർത്തകരുടെ സുരക്ഷിതത്വത്തെയും ജീവനും ജീവിതവും തകർക്കാൻ അഴിമതി നടത്തുന്ന ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ഏജന്റുമാരായി നിയമിച്ച് വ്യാപക അഴിമതി നടത്താൻ ആരോഗ്യ മന്ത്രിയുടെ ഓഫീസിൽ ഷാഡോ ഗ്രൂപ്പ് പ്രവർത്തിക്കുന്നുണ്ടോ എന്ന് സർക്കാർ പരിശോധിക്കണം.
ആരോഗ്യ വകുപ്പിന്റെ കീഴിൽ നടക്കുന്ന മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവമാണ് ഇത്തരം വാർത്തകളെന്നും
മെഡിക്കൽ സർവീസസ് കോർപ്പറേഷൻ വിതരണം ചെയ്യുന്ന സാധന സാമഗ്രികളുടെ സുരക്ഷിതത്വം ഉറപ്പ് വരുത്താൻ അധികൃതർ ഉത്തരവാദിത്വപൂർവ്വം ശ്രദ്ധ ചെലുത്തണമെന്നും സതീശൻ പാച്ചേനി പ്രസ്താവനയിൽ ആവശ്യപ്പെട്ടു.