രക്തക്കറയെന്നത്‌ കള്ളപ്രചരണം ; ആരോഗ്യ പ്രവർത്തകരിൽ അനാവശ്യഭീതി ഉയർത്തരുത്‌ : മെഡിക്കൽ സൂപ്രണ്ട്‌

0 482

രക്തക്കറയെന്നത്‌ കള്ളപ്രചരണം ; ആരോഗ്യ പ്രവർത്തകരിൽ അനാവശ്യഭീതി ഉയർത്തരുത്‌ : മെഡിക്കൽ സൂപ്രണ്ട്‌

 

കണ്ണൂർ (പരിയാരം) : കണ്ണൂർ ഗവ.മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ വിതരണം ചെയ്ത ഷൂ കവറിൽ നിറവ്യത്യാസം കണ്ടത്‌ സംബന്ധിച്ച്‌ തെറ്റായ പ്രചരണം നടത്തി രോഗപ്രതിരോധ പ്രവർത്തനങ്ങൾക്ക്‌ തടസ്സം സൃഷ്ടിക്കരുതെന്ന് ആശുപത്രി സൂപണ്ട്‌ ഡോ കെ സുദീപ്‌ ആവശ്യപ്പെട്ടു. മറ്റ്‌ മെഡിക്കൽ കോളേജുകളിൽ അന്വേഷിച്ചപ്പോൾ, കെ.എം.എസ്‌.സി.എൽ വിതരണം ചെയ്ത ഇതേബാച്ചിലെ പി.പി.ഇ കിറ്റിന്റെ ഭാഗമായി വിതരണം ചെയ്ത ഷൂ കവറിൽ നിറവ്യത്യാസം ഇല്ലെന്നാണ്‌ അറിയാൻ കഴിഞ്ഞത്‌. ഈ സാഹചര്യത്തിൽ ഇതുമായി ബന്ധപ്പെട്ട്‌ വല്ല ഗൂഢാലോചനയും നടന്നോ എന്നത്‌ അന്വേഷിക്കും.

നേരത്തേ, കോവിഡ്‌ പ്രതിരോധ പ്രവർത്തനങ്ങൾക്കായി, നാഷണൽ ഹെൽത്ത്‌ മിഷന്‌ കീഴിൽ സ്റ്റാഫ്‌ നേഴ്സ്‌ തസ്തികയിൽ അപേക്ഷ ക്ഷണിച്ചപ്പോൾ, പ്രതിദിനം 570 രൂപ എന്നത്‌ വെറും 70 രൂപ എന്നാക്കി സ്ഥാപനത്തിനെതിരെ വ്യാപക ട്രോളുകൾ ഉയർത്തിയത്‌ സമീപദിവസമാണ്‌. ഇത്‌ തീർത്തും കുറഞ്ഞ വേതനമാണെന്ന് കരുതി പലരും അപേക്ഷ അയക്കുന്നതിന്‌ മടിക്കുന്നതിനിടയാക്കി എന്നുമാത്രമല്ല, ഈ കോവീഡ്‌ തിരക്കിനിടയിലും ഇതിനായി ഫോണിലൂടെ ഉൾപ്പടെ മറുപടി പറയേണ്ട സ്ഥിതിയുമായിരുന്നു. എന്തിനാണ്‌ ഈ കോവിഡ്‌ അതിവ്യാപന കാലത്തും ഇങ്ങനെ തെറ്റിദ്ധാരണ പരത്തുന്നതെന്നത്‌ മനസ്സിലാവുന്നില്ല.

പി.പി.ഇ കിറ്റ്‌ ധരിച്ച ശേഷം കോവിഡ്‌ സുരക്ഷയ്ക്കായി ഉപയോഗിക്കുന്ന ഷൂ കവറിലാണ്‌ നേരിയ നിറവ്യത്യാസം കാണാനിടയായത്‌. ഇത്‌ രക്തക്കറയാണെന്ന മട്ടിൽ ചിലർ തെറ്റായി പ്രചരിപ്പിക്കുന്നതും ശ്രദ്ധയിൽ പെട്ടിട്ടുണ്ട്‌. പി.പി.ഇ കിറ്റായാലും ഒപ്പം കൂടുതൽ സൂരക്ഷയ്ക്കെന്നോണം ഉപയോഗിക്കുന്ന ഷൂസ്‌ ഉൾപ്പടെ ആയാലും ഒരിക്കൽ ഉപയോഗിച്ചത്‌ വീണ്ടും ഉപയോഗിക്കില്ലെന്നത്‌ സാമാന്യയുക്തിയാണ്‌. ആരോഗ്യ പ്രവർത്തകരെ ആശങ്കയിലാഴ്ത്താനായി നിറവ്യത്യാസത്തെ, രക്തക്കറയാക്കുന്നവരുടെ ലക്ഷ്യം കോവിഡ്‌ വ്യാപനമാണെന്ന് ആരെങ്കിലും സംശയിച്ചാൽ കുറ്റം പറയാൻ സാധിക്കാത്ത സ്ഥിതിയാണ്‌.

കോവിഡ്‌ പ്രതിരോധത്തിനായുള്ള അധിക സുരക്ഷാ മാർഗ്ഗം എന്നനിലയിൽ ഷൂ കവറിൽ നിറവ്യത്യാസം കണ്ടത്‌ കെ.എം.എസ്‌.സി.എല്ലിന്റെ ശ്രദ്ധയിൽ പെടുത്തുകയും പുതിയ ബാച്ച്‌ വിതരണം ചെയ്യാമെന്ന് KMSCL അധികൃതർ അറിയിക്കുകയും ചെയ്തിട്ടുണ്ട്‌. ഓൺലൈൻ വാർത്തകൾ കണ്ട്‌ ചിലർ ആശങ്ക അറിയിച്ചതിനാൽ നിറവ്യത്യാസം കണ്ട ബാച്ചിലെ ഷൂ കവർ ഉൾപ്പടെ വിതരണം നിർത്തിവെച്ചു. കോവിഡ്‌ വ്യാപന പ്രതിരോധ പ്രവർത്തനങ്ങൾ അതിശക്തമായി തുടരേണ്ട ഘട്ടത്തിൽ, നിറവ്യത്യാസത്തെ രക്തക്കറയാക്കി ആരോഗ്യപവർത്തകരിൽ അനാവശ്യ ആശങ്ക ഉയർത്തുന്നത്‌ പ്രതിരോധ പ്രവർത്തനത്തെ ബാധിക്കുന്നതിനിടയാക്കുമെന്നത്‌ തെറ്റായി പ്രചരണം നടത്തുന്നവർ ഓർമ്മിക്കണം. കോവിഡ്‌ പ്രതിരോധം എല്ലാവരുടേയും ഉത്തരവാദിത്തമാവുന്ന നിലവിലെ നിർണ്ണായക ഘട്ടത്തിൽ, രോഗപ്രതിരോധ പ്രവർത്തനങ്ങൾക്ക്‌ തുരങ്കം വെയ്ക്കുന്ന നടപടി ആരിൽ നിന്നും ഉണ്ടാകരുതെന്നും ആശുപത്രി സൂപ്രണ്ട്‌ അഭ്യർത്ഥിച്ചു.