കര്‍ണാടകം കേരളാതിര്‍ത്തി ലംഘിച്ച്‌ ബോര്‍ഡ് സ്ഥാപിച്ചു

0 340

 

ചെറുപുഴ: കര്‍ണാടക വനംവകുപ്പ് അതിര്‍ത്തിലംഘിച്ച്‌ കേരളത്തിന്റെ സ്ഥലത്ത് കടന്നുകയറി ബോര്‍ഡ് സ്ഥാപിച്ചു. കാര്യങ്കോട് പുഴയുടെ തീരത്ത് കര്‍ണാടക വനാതിര്‍ത്തിയില്‍ കോണ്‍ക്രീറ്റ് ജണ്ടകളും സ്ഥാപിച്ചിട്ടുണ്ട്. പുളിങ്ങോം ടൗണിന് സമീപം കേരളം നിര്‍ദിഷ്ട ബാഗമണ്ഡലം-പുളിങ്ങോം-ചെറുപുഴ-പയ്യന്നൂര്‍- ഏഴിമല പാതയ്ക്കുവേണ്ടി കാര്യങ്കോട് പുഴയ്ക്ക് കുറുകെ നിര്‍മിച്ച പാലത്തിലാണ് പുതിയ ബോര്‍ഡ് സ്ഥാപിച്ചത്. കേരളത്തിന്റെ റവന്യൂഭൂമിയായ ആറാട്ട് കടവിലേയ്ക്ക് ഇവിടെനിന്ന് നാല് കിലോമീറ്റര്‍ പോകണം. 22 കുടുംബങ്ങള്‍ ഇവിടെ താമസിക്കുന്നുണ്ട്. ഇതില്‍ 11 കുടുംബങ്ങള്‍ ആദിവാസികളാണ്. ഇവരെ ഒഴിപ്പിക്കാനുള്ള തീവ്രശ്രമങ്ങള്‍ കര്‍ണ്ണാടക വനംവകുപ്പ് നടത്തുന്നുണ്ട്.
ഇതിനിടയിലാണ് പുതിയ കൈയേറ്റം.

കാര്യങ്കോട് പുഴയുടെ പുറമ്ബോക്ക് കേരളത്തിന്റെതാണെന്നിരിക്കെയാണ് പാലത്തില്‍ പ്രവേശനമരുതെന്ന ബോര്‍ഡ് വെച്ചത്. മലയാളത്തിലും കന്നടയിലും എഴുതിയിട്ടുണ്ട്. പുഴ പുറമ്ബോക്ക് കൈയേറാനുള്ള ശ്രമവുമുണ്ട്. ഇതിനായി കോണ്‍ക്രീറ്റ് ജണ്ടകള്‍ മഴക്കാലത്ത് വ്യാപകമായി സ്ഥാപിച്ചു. മീനഞ്ചേരി ഫോറസ്റ്റ് ക്വാര്‍ട്ടേഴ്സ് മുതല്‍ പുളിങ്ങോംവരെ കോണ്‍ക്രീറ്റ് ജണ്ടകള്‍ ഉണ്ട്. എന്നാല്‍, ആസൂത്രിതമായ കൈയ്യേറ്റത്തെ ചെറുക്കാന്‍ കേരളം ഒരു ശ്രമവും നടത്തുന്നില്ലെന്ന് പ്രദേശത്തുള്ളവര്‍ പറയുന്നു.