ബോളിവുഡ് സംഗീത സംവിധായകന്‍ വാജിദ് ഖാന്‍ അന്തരിച്ചു

0 286

ബോളിവുഡ് സംഗീത സംവിധായകന്‍ വാജിദ് ഖാന്‍ അന്തരിച്ചു

മുംബൈ: പ്രശസ്ത ബോളിവുഡ് സംഗീത സംവിധായകനും ഗായകനുമായ വാജിദ് ഖാന്‍ അന്തരിച്ചു. 42 വയസ്സായിരുന്നു. വൃക്ക സംബന്ധമായ രോഗത്തെ തുടര്‍ന്നു ചികിത്സയിലായിരുന്നു. രോഗം മൂര്‍ഛിച്ചതിനെ തുടര്‍ന്ന് മുംബൈ ചേമ്ബുരിലെ സുരാന ആശുപത്രിയില്‍ പ്രവേശിപ്പിച്ച വാജിദ് തിങ്കളാഴ്ച പുലര്‍ച്ചെയാണ് മരണത്തിന് കീഴടങ്ങിയത്.

സംഗീതസംവിധായകന്‍ സലിം മര്‍ച്ചന്റ് ആണ് വാജിദ് ഖാന്റെ വിയോഗ വാര്‍ത്ത ഔദ്യോഗികമായി പുറത്തുവിട്ടത്.
വൃക്ക മാറ്റിവെച്ച ശേഷം അണുബാധയെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന വാജിദ് കഴിഞ്ഞ നാല് ദിവസമായി വെന്റിലേറ്ററിലായിരുന്നുവെന്ന് സംഗീത സംവിധായകന്‍ സലിം മെര്‍ച്ചന്റ് പറഞ്ഞു. അതേസമയം വാജിദിന് കോവിഡ് സ്ഥിരീകരിച്ചിരുവെന്ന് ഇന്ത്യ ടുഡേ ഉള്‍പ്പെടെയുള്ള ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
സഹോദരന്‍ സാജിദുമായി ചേര്‍ന്ന് നിരവധി സിനിമകള്‍ക്ക് അദ്ദേഹം സംഗീതം ഒരുക്കിയിട്ടുണ്ട്. വാണ്ടഡ്, എക്താ ടൈഗര്‍, ദബാങ് തുടങ്ങിയ വാജിദ് ഖാന്‍ സംഗീതമൊരുക്കിയ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളാണ്. 1998ല്‍ പുറത്തിറങ്ങിയ സല്‍മാന്‍ ഖാന്‍ ചിത്രമായ പ്യാര്‍ കിയ തോ ഡര്‍ണ ക്യാ എന്ന ചിത്രത്തിലൂടെയാണ് വാജിദ്-സാജിദ് സഖ്യം ബോളിവുഡ് സംഗീതസംവിധാന രംഗത്തേക്കെത്തുന്നത്. സല്‍മാന്‍ ഖാനു വേണ്ടിയാണ് ഭൂരിഭാഗം ഗാനങ്ങളും ചിട്ടപ്പെടുത്തിയത്. ഐപിഎല്‍ നാലാം സീസണിലെ ‘ധൂം ധൂം ധൂം ദമാക്ക’ എന്ന തീം സോങ് ഒരുക്കിയതും വാജിദ്-സാജിദ് കൂട്ടുകെട്ടാണ്.

റമദാന്‍ സ്‌പെഷലായി പുറത്തിറങ്ങിയ സല്‍മാന്റെ ‘ഭായ് ഭായ്’ എന്ന ഗാനമാണ് വാജിദ് ഖാന്റെ ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ ഗാനം. ഇപ്പോഴും യുട്യൂബ് ട്രെന്‍ഡിങ്ങിലുള്ള ഗാനം സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. വാജിദിന്റെ അപ്രതീക്ഷിത വിയോഗം സൃഷ്ടിച്ച നടുക്കത്തിലാണ് ബോളിവുഡ്. നിരവധി പ്രമുഖരാണ് അദ്ദേഹത്തിന്റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തിയത്.