‘വിവാഹസംഘം വീട്ടിലേക്ക് നടക്കുന്നതിനിടയിൽ പിന്നിൽ നിന്ന് ബോംബെറിഞ്ഞു’; ദൃക്‌സാക്ഷി

788

കണ്ണൂർ തോട്ടടയിലെ ബോംബേറുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്ത്. വിവാഹസംഘം വീട്ടിലേക്ക് നടക്കുന്നതിനിടയിൽ പിന്നിൽ നിന്ന് ബോംബെറിയുകയായിരുന്നുവെന്ന് ദൃക്‌സാക്ഷി . കൊല്ലപ്പെട്ട ജിഷ്ണു എത്തിയത് ബേംബെറിഞ്ഞ സംഘത്തിനൊപ്പമായിരുന്നു. പതിനേഴോളം പേർ വരുന്ന സംഘമെത്തിയത് ഒരേ വാഹനത്തിലാണെന്നും ദൃക്‌സാക്ഷി പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് സംഭവം നടക്കുന്നത്. വിവാഹത്തലേന്ന് ചേരിതിരിഞ്ഞ് തർക്കമുണ്ടായെന്നാണ് വിവരം. പാട്ടിനെയും, നൃത്തത്തെച്ചൊല്ലിയുമായിരുന്നു തർക്കം. പിറ്റേന്ന് ആസൂത്രിതമായി ബോംബുമായെത്തി. സ്‌ഫോടനത്തിന് പിന്നാലെ സംഘം വാനിൽ കയറി രക്ഷപ്പെട്ടുവെന്നും ദൃക്‌സാക്ഷി പറഞ്ഞു.

അതേസമയം, ബോംബാക്രമണവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്തവരുടെ ചോദ്യം ചെയ്യൽ പുരോഗമിക്കുകയാണ്. നാല് പേരെയാണ് എടക്കാട് പൊലീസ് കസ്റ്റഡിയിലെടുത്തത്. പിടിയിലായവർ ഏച്ചൂർ സ്വദേശികളാണ്. പ്രതികളെയെല്ലാം തിരിച്ചറിഞ്ഞതായി പൊലീസ് പറയുന്നു.

കഴിഞ്ഞ ദിവസം ഉച്ചക്കാണ് കണ്ണൂർ തോട്ടടയിൽ റോഡിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. ഇതിന് പിന്നാലെ മൃതദേഹം മാറ്റുന്നതിനെ ചൊല്ലി സിപിഐഎം – കോൺഗ്രസ് പ്രവർത്തകർ തമ്മിൽ തർക്കവുമുണ്ടായിരുന്നു. ഇരുകൂട്ടരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. പൊലീസ് സ്ഥലത്തുണ്ടായിരിക്കെയാണ് ഇരുവിഭാഗവും തമ്മിൽ തർക്കം ഉണ്ടായത്.

പൊലീസ് എത്താൻ വൈകിയെന്ന് കോൺഗ്രസുകാർ ആരോപിച്ചതാണ് പാർട്ടി പ്രവർത്തകർ തമ്മിലുള്ള തർക്കത്തിന് കാരണമായത്. കോൺഗ്രസ് അനാവശ്യമായി പ്രചാരണം നടത്തുന്നുവെന്ന് ആരോപിച്ചാണ് സിപിഐഎം പ്രവർത്തകർ ഇതിനെതിരെ രംഗത്ത് വന്നത്. തുടർന്ന് ഇരുഭാഗത്തുമായി പ്രവർത്തകർ ഉന്തും തള്ളുമുണ്ടായി. സ്ഥലത്തുണ്ടായിരുന്ന പൊലീസ് സ്ഥിതി നിയന്ത്രണവിധേയമാക്കി. കൊലപാതകത്തിന് ശേഷം മൃതദേഹം അരമണിക്കൂറോളമാണ് റോഡിൽ കിടന്നത്.