കണ്ണൂർ തോട്ടടയിലുണ്ടായ ബോംബേറ്; മൃതദേഹം മാറ്റുന്നതിനെ ചൊല്ലി സിപിഐഎം- കോൺഗ്രസ് പ്രവർത്തകർ തമ്മിൽ തർക്കം
കണ്ണൂർ തോട്ടടയിലുണ്ടായ ബോംബേറിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ മൃതദേഹം മാറ്റുന്നതിനെ ചൊല്ലി സി പി ഐ എം- കോൺഗ്രസ് പ്രവർത്തകർ തമ്മിൽ തർക്കം. ഇരു കൂട്ടരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. പൊലീസ് സ്ഥലത്തുണ്ടായിരിക്കെയാണ് ഇരുവിഭാഗവും തമ്മിൽ തർക്കം ഉണ്ടായത്.
പൊലീസ് എത്താൻ വൈകിയെന്ന് കോൺഗ്രസുകാർ ആരോപിച്ചതാണ് പാർട്ടി പ്രവർത്തകർ തമ്മിലുള്ള തർക്കത്തിന് കാരണം. കോൺഗ്രസ് അനാവശ്യമായി പ്രചാരണം നടത്തുന്നുവെന്ന് ആരോപിച്ചാണ് സിപിഐ എം പ്രവർത്തകർ ഇതിനെതിരെ രംഗത്ത് വന്നത്. തുടർന്ന് ഇരുഭാഗത്തുമായി പ്രവർത്തകർ ഉന്തും തള്ളുമുണ്ടായി. സ്ഥലത്തുണ്ടായിരുന്ന പൊലീസ് സ്ഥിതി നിയന്ത്രണവിധേയമാക്കി.
ഇന്ന് ഉച്ചക്കാണ് കണ്ണൂര്‍ തോട്ടടയില്‍ റോഡില്‍ യുവാവിന്‍റെ മൃതദേഹം കണ്ടെത്തിയത്. ഏച്ചൂര്‍ സ്വദേശി ജിഷ്ണുവാണ് മരിച്ചത്. വിവാഹ വീട്ടില്‍ ഉച്ചഭാഷിണി ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തര്‍ക്കങ്ങള്‍ സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. ഇന്നലെ വിവാഹവീട്ടില്‍ യുവാക്കള്‍ രണ്ടു സംഘങ്ങളായി ഏറ്റുമുട്ടിയിരുന്നു.