‘പുസ്തകം ശരി’; ശിവശങ്കറെ പിന്തുണച്ചും സ്വപ്നയെ തള്ളിയും സിപിഎം
തിരുവനന്തപുരം: എം ശിവശങ്കറിന്‍റെ(m sivasankar) പുസ്തകത്തെ ന്യായീകരിച്ചും സ്വപ്ന സുരേഷിന്‍റെ(swapna suresh) വെളിപ്പെടുത്തൽ തള്ളിയും സിപിഎം(cpm) സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ആനത്തലവട്ടം ആനന്ദൻ(anathalavattom Anandan). അന്വേഷണ ഏജൻസികൾക്കും മാധ്യമങ്ങൾക്കും എതിരെ ശിവശങ്കർ പറഞ്ഞത് ശരിയാണ്. ഐഎഎസ് ഉദ്യോഗസ്ഥൻ പ്രതിയാക്കപ്പെട്ടതാണെന്നും ആനത്തലവട്ടം പറഞ്ഞു.സ്വപ്നയുടെ പ്രതികരണം വിശ്വാസത്തിലെടുക്കാനാകില്ലെന്നും ആനത്തലവട്ടം ആനന്ദൻ പ്രതികരിച്ചു. ഇതാദ്യമായാണ് സിപിഎം സംസ്ഥാന നേതൃത്വത്തിന്‍റെ ഭാഗമായ നേതാവ് പുതിയ വിവാദങ്ങളിൽ പ്രതികരിക്കുന്നത്. അനുമതി ഇല്ലാതെ പുസ്തകമെഴുതിയത് ചട്ട ലംഘനമെങ്കിൽ അത് സർക്കാർ പരിശോധിക്കട്ടെ എന്നും ആനത്തലവട്ടം ആനന്ദൻ പ്രതികരിച്ചു.
സ്വര്‍ണക്കടത്തിന്‍റെ ആദ്യാവസാനമുള്ള എല്ലാ കാര്യങ്ങളും ശിവശങ്കരനറിയാമായിരുന്നെന്ന സ്വപ്ന സുരേഷിന്‍റെ വെളിപ്പെടുത്തല്‍ സര്‍ക്കാരിനെയും ഇടത് മുന്നണിയേയും വീണ്ടും വെട്ടിലാക്കിയ സാഹചര്യത്തിലാണ് ഈ പ്രതികരണമെന്നത് ശ്രദ്ധേയമാണ്.സ്വപ്നയുടെ വെളിപ്പെടുത്തൽ വന്നതോടെ മുഖ്യമന്ത്രിയുടെ ഓഫീസ് കള്ളക്കടത്തിന്‍റെ കേന്ദ്രമായിരുന്നെന്ന ആരോപണം പ്രതിപക്ഷം ആവര്‍ത്തിച്ചിരുന്നു.