ലണ്ടൻ: സെന്‍ട്രല്‍ ലണ്ടനിലെ സെന്റ് തോമസ് ആശുപത്രിയില്‍ നാലുദിവസമായി തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി. ആശുപത്രി കിടക്കയില്‍ അദ്ദേഹം എഴുന്നേറ്റിരുന്നതായി ചാന്‍സലര്‍ ഋഷി സുനാക് അറിയിച്ചു.
ബ്രിട്ടനില്‍ ഇപ്പോള്‍ തുടരുന്ന ലോക്ഡൗണ്‍ പിന്‍വലിച്ചേക്കുമെന്നും ഈസ്റ്റര്‍ കഴിയുന്നതോടെ സ്കൂളുകള്‍ തുറക്കുമെന്നുമുള്ള അഭ്യൂഹം ചാന്‍സലര്‍ തള്ളിക്കളഞ്ഞു. സൈന്റിഫിക് അഡ്വൈസറുടെ നിര്‍ദേശപ്രകാരം മാത്രമേ ഇത്തരം കാര്യങ്ങളില്‍ തീരുമാനമുണ്ടാകൂ എന്നും അദ്ദേഹം അറിയിച്ചു.
കിഴക്കന്‍ ലണ്ടനിലെ എക്സല്‍ ഇന്റര്‍നാഷണല്‍ കണ്വന്ഷന് സെന്റർ ഫീല്‍ഡ് ആശുപത്രിയാക്കി മാറ്റിയെങ്കിലും ഉദ്ദേശിച്ച ഫലം കിട്ടിയിട്ടില്ല. ആവശ്യത്തിനു ഡോക്ടര്‍മാരേയും നഴ്സുമാരേയും കിട്ടാത്തതാണ് ഈ അവസ്ഥയ്ക്ക് കാരണം. ആശുപത്രികളില്‍ ഓക്സിജന്റെ ലഭ്യതക്കുറവും വളരെയേറെയാണ്.
ഇതിനിടെ രാജ്യത്ത് കോവിഡ് ബാധ നിര്‍ബാധം തുടരുകയാണ്. ശരാശരി അഞ്ഞൂറിലധികം പേര് ഒരു ദിവസം മരിക്കുന്ന സ്ഥിതിയാണിപ്പോഴുള്ളത്. 21 വയസുമുതല്‍ 105 വയസുവരെയുള്ളവര്‍ മരിക്കുന്നവരില്‍ ഉള്‍പ്പെടുന്നു.