ബിപിഎല്‍ കുടുംബങ്ങള്‍ക്ക് സൗജന്യമായി ഭക്ഷ്യധാന്യ കിറ്റുകള്‍ ; ബാറുകളും ബെവ്‌കോ ഔട്ട്‌ലെറ്റുകളും 21 ദിവസം തുറക്കേണ്ടെന്നും മന്ത്രിസഭാ തീരുമാനം

0 1,093

 

തിരുവനന്തപുരം : സംസ്ഥാനത്തെ ബാറുകളും ബിവറേജസ് ഔട്ട്‌ലെറ്റുകളും 21 ദിവസം തുറക്കില്ല. കോവിഡിനെ ചെറുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. സംസ്ഥാനത്തെ മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ട (ബിപിഎല്‍) കുടുംബാംഗങ്ങള്‍ക്ക് 15 കിലോ അരി അടക്കം ഭക്ഷ്യവസ്തുക്കളുടെ കിറ്റ് സൗജന്യമായി നല്‍കാനും മന്ത്രിസഭായോഗം തീരുമാനിച്ചു.

ഒറ്റയ്ക്ക് താമസിക്കുന്നവര്‍, പ്രായമായവര്‍, ഭിന്നശേഷിക്കാര്‍ തുടങ്ങിയവര്‍ക്കും സൗജന്യമായി ഭക്ഷ്യധാന്യങ്ങള്‍ നല്‍കുന്നതാണ്. ഇതിനോടൊപ്പം തന്നെ, മുന്‍ഗണനാ ലിസ്റ്റില്‍പ്പെടാത്ത തൊഴില്‍ നഷ്ടപ്പെട്ട് ജീവിതം മുന്നോട്ടുകൊണ്ടുപോകാന്‍ കഷ്ടപ്പെടുന്ന കുടുംബങ്ങള്‍ക്ക് 15 കിലോ അരിയെങ്കിലും നല്‍കാനും മന്ത്രിസഭായോഗം തീരുമാനിച്ചിട്ടുണ്ട്.
ലോക്ക് ഡൗണിന്റെ സാഹചര്യത്തില്‍ ബാറുകളും ബിവറേജസുകളും പൂട്ടുന്നത് പരിഗണിച്ച്‌ മദ്യം ഓണ്‍ലൈനില്‍ നല്‍കുന്നത് സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ട്. ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഇന്നുമുതല്‍ തുറക്കില്ലെന്ന് ബിവറേജസ് കോര്‍പ്പറേഷന്‍ തീരുമാനിച്ചിട്ടുണ്ട്. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഔട്ട്‌ലെറ്റുകള്‍ അടച്ചിടാനാണ് ബിവറേജസ് ഔട്ട്‌ലെറ്റുകളുടെ മാനേജര്‍മാര്‍ക്ക് എം ഡി നിര്‍ദേശം നല്‍കിയത്. ബെവ്‌കോ മാനേജിംഗ് ഡയറക്ടര്‍ സ്പര്‍ജന്‍ കുമാറാണ് നിര്‍ദേശം നല്‍കിയത്.