ബ്രഹ്മപുരം: തീപിടിത്തത്തിന് ആക്കം കൂട്ടിയത് അനധികൃതമായി സൂക്ഷിച്ച ബയോമൈനിങ് മാലിന്യങ്ങളെന്ന് സൂചന

0 403

കൊച്ചി: ബ്രഹ്മപുരത്തെ തീപിടിത്തത്തിന് ആക്കം കൂട്ടിയത് അനധികൃതമായി സൂക്ഷിച്ച ബയോമൈനിങ് മാലിന്യങ്ങളെന്ന് സൂചന. ബയോമൈനിങ് നടത്താൻ സോണ്ട കന്പനിക്ക് നൽകിയത് 20 ഏക്കർ സ്ഥലമാണ്. വേസ് ടു എനർജി പ്ലാന്റിനായി നീക്കിവെച്ച 20 ഏക്കർ സ്ഥലം കൂടി പിന്നീട് സോണ്ടയ്ക്ക് നൽകി. ഭാവിയിൽ വേസ്റ്റ് ടു എനർജി പ്ലാന്റ് വരുമെന്ന പ്രതീക്ഷയിൽ സോണ്ട ബയോമൈനിങ് ചെയ്ത ആർഡിഎഫ് അഥവാ പുനരുപയോഗിക്കാൻ പറ്റാത്തതും എന്നാൽ ഇന്ധനമാക്കാൻ പറ്റുന്നതുമായ മാലിന്യം ബ്രഹ്മപുരത്ത് തന്നെ സൂക്ഷിച്ചു. ഇത് തീപിടിത്തത്തിന് ആക്കം കൂട്ടാൻ കാരണമായി എന്നാണ് വിലയിരുത്തൽ. എന്നാൽ സോണ്ടയുടെ വീഴ്ച കോർപറേഷൻ പരസ്യമായി അംഗീകരിക്കാൻ തയ്യാറായിട്ടില്ല.

2018ൽ മാലിന്യത്തിൽ നിന്ന് ഊർജം ഉണ്ടാക്കുമെന്ന പ്രഖ്യാപനം നടത്തിയത് അന്നത്തെ കൊച്ചി കോർപറേഷൻ യുഡിഎഫ് ഭരണസമിതിയാണ്. പദ്ധതിക്കായി മുഖ്യമന്ത്രി ശിലാസ്ഥാപനവും നടത്തി. 18 മാസം കൊണ്ട് വേസ്റ്റ് ടു എനർജി പ്ലാന്റ് യാഥാർഥ്യമാകുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. ജി ജെ എന്ന കന്പനിക്കാണ് ഇതിനായി ഭൂമി കൈമാറാനിരുന്നത്. എന്നാൽ ഈ പദ്ധതിയിൽ നിന്ന് ജി ജെ കന്പനി ഒഴിവാക്കപ്പെട്ടു. പകരം മറ്റൊരു കന്പനിയെ കൊണ്ടുവരാൻ കോർപറേഷനോ സർക്കാരിനോ കഴിഞ്ഞില്ല. പിന്നീട് ബയോമൈനിങ് നടത്താൻ സോണ്ടയുമായി കരാറിലേർപ്പെടുകയാണുണ്ടായത്. എന്നാൽ ബയോമൈനിങ് കാര്യക്ഷമമായതുമില്ല.

ഇക്കാര്യം മലിനീകരണ നിയന്ത്രണ ബോർഡും ഹരിത ട്രൈബ്യൂണൽ സംസ്ഥാനതല മോണിറ്ററിങ് കമ്മിറ്റിയും കണ്ടെത്തിയിരുന്നു. തീപിടിത്തം ഉണ്ടായതിന് പിന്നാലെ ഹരിത ട്രൈബ്യൂണൽ 100 കോടി രൂപയാണ് കോർപറേഷന് പിഴയിട്ടത്. തങ്ങളുടെ ഭാഗം കേൾക്കാതെയാണ് ട്രൈബ്യൂണൽ ഉത്തരവെന്ന് ചൂണ്ടിക്കാട്ടി കോർപറേഷനും നിയമപരമായി മുന്നോട്ട് പോവുകയാണ്.