ബ്രേക്ക് ദ ചെയിന്‍; പങ്കാളികളാകാന്‍ അങ്കണവാടി പ്രവര്‍ത്തകരും; 60,000ത്തോളം ജീവനക്കാര്‍ പങ്കെടുക്കുമെന്ന് മന്ത്രി
തിരുവനന്തപുരം: ലോക വ്യാപകമായി കോവിഡ് 19 പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് വൈറസ് വ്യാപനത്തിന്റെ സാധ്യതയും വേഗതയും ഗണ്യമായി കുറക്കുന്നതിന് ആരോഗ്യ വകുപ്പ് ആവിഷ്ക്കരിച്ച ബ്രേക്ക് ദ ചെയിന്‍ കാമ്ബയിനില്‍ വനിത ശിശുവികസന വകുപ്പും പങ്കാളിയായതായി ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. സംസ്ഥാനത്തെ 33115 അങ്കണവാടികളിലെ 60,000ത്തോളം ജീവനക്കാര്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നു. പ്രധാന സ്ഥാപനങ്ങളിലെ ബ്രേക്ക് ദ ചെയിന്‍ കിയോസ്കുകളില്‍ അങ്കണവാടി ജീവനക്കാരാണ് സേവനം അനുഷ്ഠിക്കുന്നത്. ഇതുകൂടാതെ വീടുകള്‍ സന്ദര്‍ശിച്ച് കോവിഡ് 19നെപ്പറ്റിയുള്ള ബോധവത്ക്കരണവും നല്കുന്നു. ഫലപ്രദമായി എങ്ങനെ കൈ കഴുകി കോവിഡിനെ പ്രതിരോധിക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ വിവരിക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് കോവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തില്‍ വനിത ശിശുവികസന വകുപ്പിന് കീഴിലുള്ള അങ്കണവാടി കുട്ടികള്‍ക്ക് ഈ മാസം 31 വരെയുള്ള ഭക്ഷണ സാധനങ്ങള്‍ ഉള്‍പ്പെടെയുള്ള ഐ.സി.ഡി.എസ്. സേവനങ്ങള്‍ വീട്ടിലെത്തിച്ചിട്ടുണ്ട്. സംസ്ഥാനത്ത് 33,115 അങ്കണവാടികളിലെ 3.75 ലക്ഷത്തോളം വരുന്ന അങ്കണവാടി കുട്ടികള്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിച്ചത്. ഇതുകൂടാതെ മൂന്ന് ലക്ഷത്തോളം ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും രണ്ട് ലക്ഷത്തോളം കൗമാര പ്രായക്കാര്‍ക്കും 4.75 ലക്ഷത്തോളം മൂന്നുവയസിന് താഴെയുള്ള കുഞ്ഞുങ്ങള്‍ക്കും നേരത്തെതന്നെ പോഷകാഹാരങ്ങള്‍ വീട്ടിലെത്തിക്കുന്നുണ്ട്. ഇതോടെ 13.5 ലക്ഷത്തോളം പേര്‍ക്കാണ് ഐസിഡിഎസ് സേവനങ്ങള്‍ വീട്ടിലെത്തിച്ചു നല്‍കിയത്.