ബജറ്റ് സമ്മേളനം; കോവിഡിനെ ഐക്യത്തോടെ നേരിട്ടത് ജനാധിപത്യത്തിന്റെ വിജയം: രാഷ്ട്രപതി
രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തോടെ പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് തുടക്കമായി. കോവിഡ് മൂന്നാം തരംഗ ഭീഷണിക്കിടെയാണ് ബജറ്റ് സമ്മേളനം. നയപ്രഖ്യാപന പ്രസംഗത്തിനിടെ പെഗാസസ് വിഷയം ഉയർത്തി പ്രതിപക്ഷം പ്രതിഷേധിച്ചു.
രാജ്യത്തെ കോവിഡ് പോരാളികളെ അഭിവാദ്യം ചെയ്യുന്നുവെന്ന് രാഷ്ട്രപതി നയപ്രഖ്യാപന പ്രസംഗത്തിൽ പറഞ്ഞു. കോവിഡിനെ ഐക്യത്തോടെ നേരിട്ടത് ജനാധിപത്യത്തിന്റെ വിജയമാണ്. മുന്നോട്ടു വയ്ക്കുന്നത് അടുത്ത 25 വർഷത്തെ വികസന ദർശനമാണ്. എല്ലാവർക്കും വികസനമെത്തിക്കുന്ന രാഷ്ട്രമാണ് ലക്ഷ്യം.
കോവിഡ് കാലത്ത് എല്ലാവർക്കും സൗജന്യമായി ഭക്ഷണം നൽകാനായി. സൗജന്യ ഭക്ഷ്യധാന്യ പദ്ധതി മാർച്ച് 2022 വരെ നീട്ടി. കൗമാരക്കാർക്കുള്ള വാക്സിനേഷൻ, കരുതൽ ഡോസ് എന്നിവ വലിയ നേട്ടം. പാവപ്പെട്ടവർക്ക് ഇതുവരെ രണ്ടു കോടി വീടുകൾ നിർമിച്ചു നൽകി. ബി.ആർ .അംബേദ്കറുടെ തുല്യതാ നയമാണ് സർക്കാർ പിന്തുടരുന്നതെന്നും രാഷ്ട്രപതി പറഞ്ഞു.
രാജ്യത്ത് 150 കോടി വാക്സീൻ ഡോസുകൾ നല്കാൻ കഴിഞ്ഞു. 70 ശതമാനം പേർ രണ്ടു ഡോസ് വാക്സീൻ സ്വീകരിച്ചു. കൗമാരക്കാർക്കുള്ള വാക്സീനേഷൻ തുടങ്ങാൻ കഴിഞ്ഞു. കരുതൽ ഡോസും നല്കി തുടങ്ങി. ഇന്ത്യയിൽ തയ്യാറാക്കിയ വാക്സീനുകൾ ലോകത്തെയാകെ മഹാമാരി നേരിടാൻ സഹായിക്കും. ബിആർ അംബേദ്ക്കറുടെ തുല്യതയ്ക്കുള്ള നയമാണ് സർക്കാർ പിന്തുടരുന്നത്- രാഷ്ട്രപതി ചൂണ്ടിക്കാട്ടി.