ബഫർ സോൺ അസറ്റ് അലോക്കേഷൻ വിവരശേഖരണം അവസാനിച്ചു

0 1,107

കേളകം: ബഫർ സോണിൽ പെടുന്ന വീടുകളുടെയും കെട്ടിടങ്ങളെയും മറ്റ് അനുബന്ധ സ്ഥാപനങ്ങളുടെയും വിവരശേഖരണത്തിനുള്ള സംസ്ഥാന സർക്കാർ നൽകിയ സമയപരിധി അവസാനിച്ചു. കേളകം, കൊട്ടിയൂർ, ആറളം പഞ്ചായത്തുകളിലാണ് ഈ മേഖലയിൽ വിവരശേഖരണം നടത്തിയത്.

ആറളം വന്യജീവി സങ്കേതത്തിന്റെ ബഫർ സോണിലെ ഏരിയയിൽ വരുന്ന ആറളം, കേളകം പഞ്ചായത്തുകളിലും കൊട്ടിയൂർ വന്യജീവി സങ്കേതത്തിന്റെ അതിർത്തിയിൽ വരുന്ന കൊട്ടിയൂർ പഞ്ചായത്തിലും ആണ് വിവരശേഖരണം നടപടികൾ നടന്നുവന്നിരുന്നത്.

തുടക്കം മുതലേ ആശയക്കുഴപ്പങ്ങളുടെ ഘോഷയാത്രയായിരുന്ന വിവരശേഖരണം അവസാനം മൊബൈൽ ആപ്ലിക്കേഷൻ മുഖേന നടത്തണമെന്ന് നിർദ്ദേശമാണ് വന്നത് .സംസ്ഥാന സർക്കാർ മൂന്നു മാപ്പുകൾ പുറത്തിറക്കുകയും മൂന്നിലും വ്യത്യസ്തമായ ഭൂപടങ്ങൾ പ്രസിദ്ധീകരിക്കുകയും ചെയ്തതോടെ പ്രദേശവാസികളും ആകെ കൺഫ്യൂഷൻ ആയി. തങ്ങളുടെ വീടും സ്ഥലവും മറ്റ് സ്ഥാപനങ്ങളും ബഫർ സോൺ ഏരിയയിൽ പെട്ടിട്ടുണ്ടോ എന്ന് മനസ്സിലാക്കാൻ കഴിയാത്ത സാഹചര്യമുണ്ടായി. ആദ്യഘട്ടത്തിൽ പരാതി സമർപ്പിക്കാനുള്ള പെർഫോമ പൂരിപ്പിച്ച് തപാലിലോ ഇമെയിലിലോ നൽകണമെന്നാണ് അറിയിച്ചതെങ്കിലും. പിന്നീട് അസറ്റ് അലോക്കേഷൻ മാപ്പിൽ പ്‌ലോഡ് ചെയ്യണം എന്ന നിർദ്ദേശം വന്നു.

കേളകം പഞ്ചായത്തിൽ 2192 പരാതികളുടെ അസറ്റ് അലോക്കേഷൻ പൂർത്തിയാക്കിയതായി പഞ്ചായത്ത് അധികൃതർ പറഞ്ഞു. കൊട്ടിയൂരിൽ 786 അസറ്റ് അലോക്കേഷൻ ആണ് അപ്‌ലോഡ് ചെയ്തത്. കൊട്ടിയൂരിൽ 1500ൽ അധികം പരാതികൾ ലഭിച്ചതായും കേളകത്ത് 1310 പരാതികൾ ലഭിച്ചതായി പറയുന്നു കേളകം പഞ്ചായത്തിലെ എട്ടു വാർഡുകളും കൊട്ടിയൂർ പഞ്ചായത്തിലെ 9 വാർഡുകളും ബഫർ സോൺ ഏരിയയിൽ പെടും . എന്നാൽ ഇനിയും നിരവധി കെട്ടിടങ്ങളും വീടുകളും അപ്‌ലോഡ് ചെയ്യപ്പെടാൻ ഉണ്ടെന്നാണ് ലഭിക്കുന്ന വിവരം വിശദാംശങ്ങൾ നൽകാനുള്ള സമയം നീട്ടുമെന്ന പ്രതീക്ഷയിലാണ് പ്രദേശവാസികൾ