ബഫര്‍ സോണ്‍ പ്രഖ്യാപനം:കൊട്ടിയൂർ പഞ്ചായത്തിൽ നൂറുകണക്കിന് വീട്ടുമുറ്റ പ്രതിഷേധങ്ങള്‍ സംഘടിപ്പിപ്പിക്കാനൊരുങ്ങി എല്‍ഡിഎഫ്
ബഫര്‍ സോണ്‍ പ്രഖ്യാപനം:കൊട്ടിയൂർ പഞ്ചായത്തിൽ നൂറുകണക്കിന് വീട്ടുമുറ്റ പ്രതിഷേധങ്ങള്‍ സംഘടിപ്പിപ്പിക്കാനൊരുങ്ങി എല്‍ഡിഎഫ്
പേരാവൂര്‍: കൊട്ടിയൂര്‍, കേളകം പഞ്ചായത്തുകളിലെ ജനവാസ കേന്ദ്രങ്ങളെ ഉള്‍പ്പെടുത്തി ബഫര്‍ സോണ്‍ പ്രഖ്യാപിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ എല്‍ഡിഎഫ് പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് എല്‍ഡിഎഫ് നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.ആദ്യഘട്ടത്തില്‍ കൊട്ടിയൂർ പഞ്ചായത്തിൽ നൂറുകണക്കിന് വീട്ടുമുറ്റ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കും.
2012 – 13 ല്‍ കേരളത്തില്‍ യു ഡി എഫും കേന്ദ്രത്തില്‍ യുപി എയും ഭരണത്തിലിരിക്കുന്ന സമയത്താണ് വനം വന്യജീവി സംരക്ഷണത്തിന്റെ പേരില്‍ ഇത്തരം നിയമങ്ങള്‍ നടപ്പിലാക്കാനുള്ള നടപടികള്‍ ആരംഭിച്ചത്. 2016 മുതല്‍ മോണിറ്ററിങ്ങ് കമ്മിറ്റിയില്‍ അംഗമായ പേരാവൂര്‍ എം എല്‍ എ സണ്ണി ജോസഫ് ജനവാസ കേന്ദ്രങ്ങളെ ബഫർസോണിൽ നിന്നും ഒഴിവാക്കുന്നതിനായി കൃത്യമായ ഇടപെടല്‍ നടത്തിയിട്ടില്ല. കരട് വിജ്ഞാപനത്തെത്തുടര്‍ന്ന് വീണ്ടും ആശങ്കയിലായ ജനങ്ങളുടെ ആശങ്ക അകറ്റാൻ പോലും സ്ഥലം എംഎൽഎ തയ്യാറായില്ല.
ആഗസ്തില്‍ പുറത്തിറങ്ങിയ കരട് വിജ്ഞാപനത്തില്‍ കൊട്ടിയൂര്‍ പന്ന്യാംമല മുതല്‍ അമ്പയത്തോട് ആശ്രമം കവലവരെയുള്ള ജനവാസ കേന്ദ്രങ്ങൾ ബഫര്‍ സോണില്‍ ഉള്‍പ്പെടും. വനാതിര്‍ത്തിയില്‍ ഒരു കിലോ മീറ്റര്‍ പ്രദേശത്ത് നൂറുകണക്കിന് കുടുംബങ്ങളും വ്യാപാര വിദ്യാഭ്യാസ,സ്ഥാപനങ്ങളും ആദിവാസി കോളനികളും ആരാധനാലയങ്ങളും ഉള്‍പ്പെടുന്നുണ്ട്. കേന്ദ്ര സര്‍ക്കാര്‍ ഈ മേഖല ബഫര്‍ സോണായി പ്രഖ്യാപിച്ച് നടപ്പിലാക്കിയാല്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കും കാര്‍ഷിക വൃത്തിയ്ക്കും തിരിച്ചടിയാകും. അതിനാല്‍ കേരള വനം വന്യജീവി സങ്കേതത്തിന്റെ ബഫര്‍ സോണ്‍ വനാതിര്‍ത്തിയില്‍ നിലനിര്‍ത്തി ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് എല്‍ഡിഎഫ് കൊട്ടിയൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഒക്ടോബര്‍ 12 തിങ്കളാഴ്ച്ച വൈകീട്ട് 4.30 ന് വീട്ടുമുറ്റ സമരങ്ങള്‍ സംഘടിപ്പിക്കുമെന്ന് വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്ത സി പി ഐ എം പേരാവൂര്‍ ഏരിയ സെക്രട്ടറി അഡ്വ എം രാജന്‍, സി പി ഐ ജില്ലാ എക്‌സിക്യൂട്ടീവംഗം അഡ്വ വി ഷാജി, എല്‍ ജെ ഡി പേരാവൂര്‍ മണ്ഡലം പ്രസിഡന്റ് വി കെ ഇബ്രാഹിം, എം എസ് വാസുദേവന്‍, സി കെ ചന്ദ്രന്‍, കെ എസ് നിധിന്‍ എന്നിവര്‍ പറഞ്ഞു