കൊട്ടിയൂർ പഞ്ചായത്തിൽ ബഫർസോൺ ഹെൽപ്പ് ഡെസ്ക് ആരംഭിച്ചു 

0 653

കൊട്ടിയൂർ: ബഫർസോൺ പരിധിയുമായി ബന്ധപ്പെട്ട് സർക്കാർ പുറത്തുവിട്ട മാപ്പിലെ അവ്യക്തതകൾ പരിഹരിക്കുന്നതിന്റെ ഭാഗമായി കൊട്ടിയൂർ പഞ്ചായത്തിൻറെ നേതൃത്വത്തിൽ പൊതുജനങ്ങൾക്കായി ഹെൽപ്പ് ഡസ്ക് സൗകര്യം ആരംഭിച്ചു.

ചുങ്കക്കുന്നിൽ സേവനം ആരംഭിച്ച പഞ്ചായത്ത് ഹെൽപ്പ് ഡെസ്ക് വഴി ബഫർസോൺ വിഷയവുമായി ബന്ധപ്പെട്ട് ജനങ്ങൾക്ക് ആവശ്യമായ വിവരങ്ങളും മാപ്പുമായി ബന്ധപ്പെട്ട പരാതി രേഖപ്പെടുത്തി നൽകുന്നതിന് വേണ്ട ഫോമുകളും ലഭ്യമാക്കും. 

കൂടാതെ മുഴുവൻ ഗ്രാമപഞ്ചായത്ത് അംഗങ്ങളുടെയും കൈവശം ജനങ്ങൾക്ക് പരാതികളും വിയോജിപ്പുകളും രേഖപ്പെടുത്തി നൽകുന്നതിന് ആവശ്യമായ ഫോമുകളും ലഭ്യമാക്കിയിട്ടുണ്ടെന്നും ബഫർസോൺ മേഖലകളോട് അടുത്തുകിടക്കുന്ന വാർഡുകളിൽ പഞ്ചായത്ത് അംഗങ്ങൾ നേരിട്ടെത്തി വിവരങ്ങൾ രേഖപ്പെടുത്തുന്നുണ്ടെന്നും പഞ്ചായത്ത് പ്രസിഡണ്ട് റോയ് നമ്പുടാകം വ്യക്തമാക്കി.

കൂടാതെ നാളെ (ചൊവ്വാഴ്ച) ബഫർസോൺ വിഷയം വിശദമായി ചർച്ച ചെയ്യുന്നതിനായി സർവ്വകക്ഷിയോഗം വിളിച്ചുചേർത്തിട്ടുണ്ടെന്നും മുഖ്യമന്ത്രി അടക്കമുള്ള അധികാരികൾക്ക് സർക്കാർ പുറത്തുവിട്ട മാപ്പിലെ അവ്യക്തതയും പ്രദേശത്തെ ജനങ്ങളുടെ ആശങ്കകളും ചൂണ്ടികാട്ടി പരാതി രേഖാമൂലം നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.