ആദിവാസി കുടുംബങ്ങൾക്ക് വാസയോഗ്യമല്ലാത്ത വീട് നിർമിച്ചു; എച്ച്ആർഡിഎസിനെതിരെ കേസ്

0 2,310

എച്ച്ആർഡിഎസിനെതിരെ സംസ്ഥാന എസ്‌സി-എസ്ടി കമ്മീഷൻ കേസെടുത്തു. അട്ടപ്പാടിയിൽ ആദിവാസി കുടുംബങ്ങൾക്ക് വാസയോഗ്യമല്ലാത്ത വീട് നിർമ്മിച്ചുവെന്ന പരാതിയിലാണ് കേസ്. ആദിവാസി ഭൂമി പാട്ടത്തിനെടുക്കാൻ ശ്രമിച്ചുവെന്ന പരാതിയും കമ്മീഷൻ അന്വേഷിക്കും

എച്ച്ആർഡിഎസിനെക്കുറിച്ചുള്ള പരാതികളിൽ ജില്ല കളക്ടർ, എസ്പി എന്നിവരോട് റിപ്പോർട്ട് സമർപ്പിക്കാനും കമ്മീഷൻ നിർദ്ദേശിച്ചിട്ടുണ്ട്. സ്വപ്ന സുരേഷിന് നിയമനം നൽകിയ എൻജിഒ ആണ് എച്ച്ആർഡിഎസ്.

കഴിഞ്ഞ ദിവസമാണ് എച്ച്ആർഡിഎസ് എന്ന എൻ.ജി.ഒയിൽ കോർപറേറ്റ് സോഷ്യൽ റെസ്‌പോൻസിബിലിറ്റി മാനേജർ പദവിയിലാണ് സ്വപ്‌ന സുരേഷിന് നിയമനം ലഭിച്ചത്. പാലക്കാട് ആസ്ഥാനമായ എൻജിഒയാണ് എച്ച്ആർഡിഎസ്. തന്നെ എല്ലാവരും ഒറ്റപ്പെടുത്തുകയാണെന്നും തനിക്ക് ജോലി ലഭിക്കുന്നില്ലെന്നും സ്വപ്‌ന സുരേഷ് മാധ്യമങ്ങൾക്ക് മുന്നിൽ സൂചിപ്പിച്ചിരുന്നു. ആദിവാസി മേഖലയിൽ വീടുകൾ വച്ചുനൽകാനും മറ്റുമായി പ്രവർത്തിക്കുന്ന എൻജിഒയാണ് എച്ച്ആർഡിഎസ്. വിദേശത്തുനിന്ന് ഇതിനായി പണമെത്തിക്കുന്നതുമായി ബന്ധപ്പെട്ട ചുമതലയാകും സ്വപ്‌ന സുരേഷിന് ലഭിക്കുക.

അതേസമയം, സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിന് പുതിയ ജോലി നൽകിയ കമ്പനിയുമായി ബിജെപിക്ക് അടുത്ത ബന്ധമെന്ന ആരോപണങ്ങളെ തള്ളി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ രംഗത്തുവന്നു. സ്വപ്‌നയ്ക്ക് ജോലി നൽകിയ എച്ച്ആർഡിഎസ് എന്ന എൻജിഒയുമായി ബിജെപിക്ക് യാതൊരു ബന്ധവുമില്ലെന്നും പകരം സിപിഐഎമ്മിന് ബന്ധമുണ്ടാകുമെന്നും സുരേന്ദ്രൻ തിരിച്ചടിച്ചു. ഈ സ്ഥാപനത്തിന്റെ ലോഗോ പ്രകാശനം ചെയ്തത് മുഖ്യമന്ത്രി പിണറായി വിജയനാണ്. മുൻ മന്ത്രി എംഎം മണിയാണ് ഈ എൻജിഒയുടെ തൊടുപുഴയിലെ ഓഫിസ് ഉദ്ഘാടനം ചെയ്തത്. ഈ സ്ഥാപനത്തിൽ സ്വപ്‌ന സുരേഷിന് ജോലി ശരിയാക്കി നൽകിയത് എസ്എഫ്‌ഐ നേതാവാണെന്നും സുരേന്ദ്രൻ ആരോപിച്ചു.