ഉലകം ചുറ്റും ജർമൻ കുടുംബം വായനാട്ടിലുമെത്തി; യാത്രികർക്ക് വയനാടിൻറ ഓർമയ്ക്കായി ഉപഹാരം സമ്മാനിച്ച് ടൂറിസം ഉദ്യോഗസ്ഥർ
വൈത്തിരി: മെഴ്സിഡസ് കാരവനിൽ ഉലകം ചുറ്റുന്ന ജർമൻ കുടുംബം വിനോദ സഞ്ചാരത്തിന് വയനാട് ജില്ലയിലുമെത്തി. ജർമനിയിലെ ബവേറിയ ഗാബെല്ലോഹി സ്വദേശികളായ ടോർബനും ഭാര്യ മിച്ചിയുമാണ് മക്കളായ റോമി, മേച്ചി എന്നിവരോടൊപ്പം ലോകം ചുറ്റുന്നത്. പഴയ മെഴ്സിഡസ് 911 മിലിറ്ററി ട്രക്കാണ് താമസിച്ചു യാത്രചെയ്യാവുന്ന വിധം രൂപമാറ്റം വരുത്തി ഉപയോഗിക്കുന്നത്. ഒരാഴ്ച മുമ്പാണ് ഇവർ കേരളത്തിലെത്തിയത്.
ശനിയാഴ്ച വായനാട്ടിലെത്തിയ ഇവർ മേപ്പാടിയിലെ ചെമ്പ്ര പീക് ബംഗ്ലാവിലാണ് താമസിച്ചത്. കേരള യാത്രക്കിടെ ടൂറിസം മന്ത്രി മുഹമ്മദ് റിയാസുമായി വിഡിയോ കാൾ വഴി ബന്ധപ്പെടുകയും ചെയ്തിരുന്നു. കോവളം, മൂന്നാർ, കോഴിക്കോട് എന്നിവിടങ്ങളിൽ കറങ്ങിയ ശേഷമാണു കുടുംബം ചുരം കയറിയത്.
ഇവർക്ക് കൂട്ടായി മൂന്നാർ സ്വദേശികളായ രണ്ടു പേരും യാത്രയിലുണ്ട്. സോഫ്റ്റ്വെയർ എൻജിനീയറായ ടോർബനും എഴുത്തുകാരിയായ മിച്ചിയും 12 വർഷം മുമ്പാണ് ജർമനിയിൽനിന്നും യാത്ര തുടങ്ങിയത്. കോവിഡ് വ്യാപനം മൂലം യാത്ര മുടങ്ങി തിരിച്ചുപോയ ശേഷം ഒരിടവേളക്ക് ശേഷമാണു വീണ്ടും യാത്ര തുടങ്ങിയത്. ഇസ്രായേൽ, ഫലസ്തീൻ, സൗദി അറേബ്യ, യു.എ.ഇ, ഒമാൻ വഴിയാണ് ഇന്ത്യയിലെത്തിയത്. ഇന്ത്യയിൽനിന്നും നേപ്പാളിലേക്കാണ് പോവുക. പ്രതിസന്ധികളൊന്നുമില്ലെങ്കിൽ രണ്ടുവർഷംകൊണ്ട് യാത്ര പൂർത്തീകരിക്കുകയാണ് ഇവരുടെ ലക്ഷ്യം.
എട്ടു വയസ്സുകാരി റോമിയും ആറു വയസ്സുകാരൻ മേച്ചിയും സന്തോഷവാന്മാരായി കൂടെയുണ്ട്. മിക്കി ഇതിനിടെ ജർമൻ ഭാഷയിൽ രണ്ടു പുസ്തകങ്ങൾ രചിച്ചു. ഇവ ഇംഗ്ലീഷിലേക്ക് തർജമ ചെയ്തിട്ടുണ്ട്. ‘പ്രകൃതിയെ സംരക്ഷിക്കുക’ എന്ന സന്ദേശമാണ് ഇന്നത്തെ തലമുറയോട് ടോർബനു പറയാനുള്ളത്. ഞായറാഴ്ച ഇവർ ഊട്ടിയിലേക്ക് തിരിച്ചു.
വയനാട് ടൂറിസം അസോസിയേഷൻ ഭാരവാഹികളും കേരള ടൂറിസം ഉദ്യോഗസ്ഥരും ചേർന്ന് ജർമൻ യാത്രികർക്ക് വയനാടിൻറ ഓർമക്കായി ഉപഹാരം സമ്മാനിച്ചു. കേരള ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ ഡി.വി. പ്രഭാത്, ഇൻഫർമേഷൻ ഓഫിസർ വി. മുഹമ്മദ് സലിം, ഡബ്ല്യു.ടി.എ പ്രസിഡന്റ് കെ.പി. സെയ്ത് അലവി, ട്രഷറർ സൈഫ് വൈത്തിരി, ഭാരവാഹികളായ മനോജ്, മുനീർ, പ്രബിത സാലു എന്നിവർ സംബന്ധിച്ചു.