സംസ്ഥാനത്ത് ബസ് യാത്രാനിരക്ക് വര്‍ധിപ്പിച്ചു; മിനിമം ചാര്‍ജ് 12 രൂപ

0 1,366

സംസ്ഥാനത്ത് ബസ് യാത്രാനിരക്ക് വര്‍ധിപ്പിച്ചു; മിനിമം ചാര്‍ജ് 12 രൂപ

 

തിരുവനന്തപുരം: സംസ്ഥാനത്ത് ബസ് യാത്രാ നിരക്ക് വര്‍ധിപ്പിച്ചു. മിനിമം ചാര്‍ജ് പന്ത്രണ്ട് രൂപയാക്കി. കര്‍ശന നിബന്ധനകളോടെ ജില്ലക്കകത്ത് ഹ്രസ്വ ദൂര സര്‍വീസുകള്‍ അനുവദിച്ചാണ് ചാര്‍ജ് വര്‍ധന പ്രഖ്യാപിച്ചത്. സാര്‍വത്രികമായ പൊതു ഗതാഗതം ഉണ്ടാകില്ല. ഹോട്ട് സ്പോട്ട് ഒഴികെയുള്ള പ്രദേശത്താണ് അന്തര്‍ജില്ലാ ബസ് യാത്രക്കുള്ള അനുമതിയെന്നും ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു. അന്തര്‍ ജില്ലാ, അന്തര്‍സംസ്ഥാന യാത്രകള്‍ ഉടനെയുണ്ടാകില്ലെന്നും ഹോട്ട് സ്പോട്ട് അല്ലാത്തയിടങ്ങളില്‍ ഓട്ടോറിക്ഷ, ടാക്സി സര്‍വീസുകള്‍ നടത്താമെന്നും ഗതാഗതമന്ത്രി അറിയിച്ചു.

എന്നാല്‍, ബസ് ചാര്‍ജ് വര്‍ദ്ധിപ്പിച്ചത് കൊണ്ട് മാത്രം കാര്യമില്ലെന്നും നികുതിയിളവും ഡീസല്‍ സബ്‍സിഡിയും നല്‍കണമെന്ന് ബസ് ഉടമകളുടെ സംഘടന ആവശ്യപ്പെട്ടു.

കേന്ദ്രം നാലാംഘട്ട ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് സംസ്ഥാനത്ത് അടിയന്തര യോഗം ചേര്‍ന്ന് തീരുമാനമെടുത്തത്. കേരളത്തില്‍ മദ്യശാലകള്‍ ബുധനാഴ്ച തുറക്കാനും തീരുമാനമായി. എസ്‌എസ്‌എല്‍സി, പ്ലസ് ടു പരീക്ഷകള്‍ മാറ്റി. മുടിവെട്ടാന്‍ മാത്രം ബാര്‍ബര്‍ ഷോപ്പുകള്‍ തുറക്കാം. അന്തര്‍ജില്ലാ യാത്രകള്‍ക്ക് പാസുകള്‍ വേണം. അന്തര്‍ സംസ്ഥാന യാത്രക്ക് കേന്ദ്രത്തിന്‍റെ അനുമതി വേണമെന്നും തീരുമാനമായി.