വ്യാപാര സ്ഥാപനങ്ങൾ രാത്രി 9 മണി വരെ തുറക്കാം ; അനധികൃതമായ വഴിയോരക്കച്ചവടങ്ങള്‍ അനുവദിക്കില്ല

0 566

വ്യാപാര സ്ഥാപനങ്ങൾ രാത്രി 9 മണി വരെ തുറക്കാം; അനധികൃതമായ വഴിയോരക്കച്ചവടങ്ങള്‍ അനുവദിക്കില്ല

ജില്ലയിൽ ഓണക്കാലത്തോടനുബന്ധിച്ച് കണ്ടെയിൻമെൻ്റ് സോണുകളല്ലാത്ത സ്ഥലങ്ങളിൽ മാർഗ നിർദേശങ്ങൾ പാലിച്ചുകൊണ്ട് വ്യാപാര സ്ഥാപനങ്ങൾക്ക് രാവിലെ ഏഴ് മണി മുതൽ രാത്രി ഒമ്പത് മണിവരെ തുറന്ന് പ്രവർത്തിക്കാൻ ജില്ലാ കലക്ടർ ടിവി സുഭാഷ് അനുമതി നൽകി.
കോവിഡ് വ്യാപനം വർധിച്ച സാഹചര്യത്തിൽ അനധികൃതമായ വഴിയോരക്കച്ചവടങ്ങള്‍ അനുവദിക്കില്ല.
സ്ഥാപനത്തില്‍ ഒരു സമയം അഞ്ചില്‍ കൂടുതല്‍ ആളുകള്‍ പ്രവേശിക്കുന്നില്ല എന്ന് ബന്ധപ്പെട്ടവര്‍ ഉറപ്പുവരുത്തണം. സ്ഥല വിസ്തൃതി കൂടുതലുള്ള സ്ഥാപനമാണെങ്കില്‍ സാമൂഹിക അകലം പാലിച്ച് ഉള്‍ക്കൊളളാവുന്ന ആളുകളെ ടോക്കണ്‍ സംവിധാനം ഏര്‍പ്പെടുത്തി പ്രവേശിപ്പിക്കാം.
സ്ഥാപനങ്ങളിലും പരിസരത്തും സാമൂഹിക അകലം, മാസ്‌ക്ക് ധാരണം, സാനിറ്റൈസറിന്റെ ഉപയോഗം ഉള്‍പ്പെടെയുള്ള കോവിഡ്  മാനദണ്ഡങ്ങള്‍ കര്‍ശനമായും പാലിക്കണം. ഗുണഭോക്താക്കള്‍ നേരിട്ട് സാധന സാമഗ്രികള്‍ തെരഞ്ഞെടുക്കുന്ന സൂപ്പര്‍മാര്‍ക്കറ്റ്, ഷോപ്പിങ്ങ് മാളുകള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളില്‍ ഉപഭോക്താക്കള്‍ക്ക് സാനിറ്റൈസറിന് പുറമെ ഗ്ലൗസ് കൂടി സ്ഥാപന ഉടമകള്‍ ലഭ്യമാക്കേണ്ടതാണ്.
വലിയ കച്ചവട സ്ഥാപനങ്ങളില്‍ പ്രവേശിക്കുന്നതിനും പുറത്തേക്ക് പോകുന്നതിനും പ്രത്യേകം കവാടങ്ങള്‍  സജ്ജീകരിച്ചോ ആവശ്യമായ മറ്റ് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയോ തിരക്ക് ഒഴിവാക്കണം.
മറ്റു നിര്‍ദ്ദേശങ്ങള്‍:
– ഹോം ഡെലിവറി സംവിധാനം പരമാവധി പ്രോല്‍സാഹിപ്പിക്കേണ്ടതാണ്.
– സ്ഥാപനങ്ങളില്‍ കുട്ടികളുടേയും 60 വയസ്സിന് മുകളില്‍ പ്രായമായവര്‍ക്കും പ്രവേശനം അനുവദിക്കരുത്.
– സ്ഥാപനത്തിന് പുറത്ത് ഉപഭോക്താക്കള്‍ നിശ്ചിത അകലം പാലിച്ച് കൊണ്ട്  ക്യൂ നില്‍കുന്നതിന് പ്രത്യേക സ്ഥലം മാര്‍ക്ക് ചെയ്യേണ്ടതും, ക്യു സംവിധാനം കാര്യക്ഷമമാക്കുന്നതിനായി ക്യൂ മാനേജര്‍മാര്‍മാരായി പ്രത്യേകം ജീവനക്കാരെ നിയോഗിക്കേണ്ടതുമാണ്.
– സ്ഥാപനങ്ങളിലെ ആള്‍ക്കൂട്ടം ഒഴിവാക്കുന്നതിന് അവശ്യ സാധനങ്ങളുടെ (പല വ്യഞ്ജനങ്ങള്‍, പച്ചക്കറികള്‍ തുടങ്ങിയവ) കിറ്റുകള്‍ വില്‍പനക്കായി മുന്‍കൂട്ടി തയ്യാറാക്കേണ്ടതാണ്.
– ഇലക്ട്രോണിക്‌സ് ഷോപ്പുകള്‍, വസ്ത്ര വ്യാപാര മേഖലകള്‍ എന്നിവിടങ്ങളില്‍ കറന്‍സി ഉപയോഗം കുറച്ച്, പരമാവധി ഓണ്‍ലൈന്‍ പേയ്‌മെന്റ് സംവിധാനം ഉപയോഗപ്പെടുത്തേണ്ടതാണ്. വസ്ത്രാലയങ്ങളില്‍ ഉപഭോക്താക്കള്‍ക്ക് വസ്ത്രം ധരിച്ചു നോക്കി തെരഞ്ഞെടുക്കാന്‍ അനുവദിക്കരുത്.
– ഇലക്ട്രോണിക്‌സ് ഷോപ്പുകളില്‍ ആള്‍ക്കുട്ടം കൂടുന്നത് ഒഴിവാക്കുന്നതിനായി ഡിജിറ്റല്‍ ബുക്കിംഗ് സംവിധാനം ഉപയോഗപ്പെടുത്തി വില്‍പന നടത്തേണ്ടതാണ്. സാധനങ്ങള്‍ മുന്‍ക്കൂട്ടി ബുക്ക് ചെയ്ത് വാങ്ങുന്നതിനായി സ്ഥാപനവുമായി ബന്ധപ്പെട്ട നമ്പറുകള്‍ പ്രദര്‍ശിപ്പിക്കേണ്ടതാണ്.
– സ്ഥാപനങ്ങളില്‍ എത്തിച്ചേരുന്നവരുടെ പേര് വിവരങ്ങള്‍, ഫോണ്‍ നമ്പര്‍ സഹിതം പ്രത്യേക രജിസ്റ്ററില്‍ സൂക്ഷിക്കേണ്ടതാണ്. അതിന് covid19jagratha.kerala.nic.in എന്ന പോര്‍ട്ടലിലിലെ ‘ഓണ്‍ലൈന്‍ സന്ദര്‍ശക രജിസ്റ്റര്‍’സംവിധാനം ഉപയോഗപ്പെടുത്തേണ്ടതാണ്.
– നിര്‍ദ്ദേശങ്ങള്‍ പാലിക്കപ്പെടുന്നുവെന്ന് പ്രദേശത്തെ വാര്‍ഡ് തല സമിതികള്‍ ജനമൈത്രി പോലീസിന്റെ സഹായത്തോടെ ഉറപ്പുവരുത്തണം.
– നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്ന സ്ഥാപനത്തിനെതിരെ പകര്‍ച്ചവ്യാധി നിയമം, ദുരന്തനിവാരണ നിയമം എന്നിവയിലെ വിവിധ വകുപ്പുകള്‍ പ്രകാരം ജില്ലാ പോലീസ് മേധാവി നടപടി സ്വീകരിക്കേണ്ടതാണെന്നും ഉത്തരവിൽ നിർദേശിച്ചു.