ഇരിട്ടി ടൗണിലെ കച്ചവട സ്ഥാപനങ്ങള്‍ വ്യാഴാഴ്ച മുതൽ നിയന്ത്രണങ്ങളോടെ തുറക്കാം

0 746

ഇരിട്ടി ടൗണിലെ കച്ചവട സ്ഥാപനങ്ങള്‍ വ്യാഴാഴ്ച മുതൽ നിയന്ത്രണങ്ങളോടെ തുറക്കാം

ഇരിട്ടി: ഇരിട്ടി  പട്ടണത്തിലെ നിയന്ത്രണങ്ങളിൽ അയവ് വരുത്തി. വ്യാഴാഴ്ചമുതൽ എല്ലാ കച്ചവട സ്ഥാപനങ്ങളും നിയന്ത്രണങ്ങളോടെ തുറന്ന് പ്രവർത്തിക്കാനാണ് തീരുമാനം.  നഗരസഭാ ഹോളിൽ ചൊവ്വാഴ്ച  ചേർന്ന സേഫ്റ്റി കമ്മിറ്റി യോഗത്തിന്റേതാണ് തീരുമാനം.

ഈമാസം 5ന്  ഇരിട്ടി ടൗൺ ഉൾപ്പെടുന്ന  9ാം വാര്‍ഡില്‍ വിദേശത്ത് നിന്ന് എത്തിയ ആള്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചതോടെയാണ് ഇരിട്ടി ടൗൺ  വാര്‍ഡ് ഹോട്ട് സ്‌പോട്ടായി പ്രഖ്യാപിച്ചത്. ഇതിന്റെ ഭാഗമായി ഇരിട്ടി ടൗണിലെ അവശ്യ വസ്തുക്കള്‍ വില്‍പ്പന നടത്തുന്ന വ്യാപാര സ്ഥാപനങ്ങള്‍ ഒഴികെ ബാക്കി എല്ലാ സ്ഥാപനങ്ങളും അടച്ചിട്ടിരുന്നു. ഇതിന് ഇളവ് വരുത്തി എല്ലാ കച്ചവട സ്ഥാപനങ്ങളും തുറന്ന് പ്രവർത്തിക്കാനുള്ള അനുവാദമാണ് നൽകിയിരിക്കുന്നത്.

കർശന നിർദ്ദേശങ്ങളോടെയാണ് 18 ന് വ്യാഴാഴ്ച മുതല്‍ എല്ലാ വ്യാപാര  സ്ഥാപനങ്ങളും തുറന്ന് പ്രവർത്തിക്കാൻ അനുവാദം നൽകിയിരിക്കുന്നത് . ഇതുപ്രകാരം രാവിലെ 8 മണി മുതല്‍ വൈകിട്ട് 4 വരെയാണ് പ്രവർത്തിക്കാനാവുക. തട്ടുകടകള്‍ ഒഴികെ ഉള്ള ഹോട്ടലുകള്‍ക്കും തുറക്കാന്‍ അനുമതി നൽകിയിട്ടുണ്ട് . തുറക്കുന്ന സ്ഥാപനങ്ങള്‍ സര്‍ക്കാര്‍ നല്‍കുന്ന എല്ലാ മാനദണ്ഡങ്ങളും പാലിച്ചായിരിക്കണം പ്രവര്‍ത്തിക്കേണ്ടത്. ടൗണില്‍ എത്തുന്ന വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ ഇരിട്ടി ടൗണിലെ ഓപ്പണ്‍ ഓഡിറ്റോറിയം ഒരു മാസത്തേക്ക് പേ പാര്‍ക്കിംഗ് ആക്കി മാറ്റും. പഴയ പാലം റോഡിലുള്ള  പേപാര്‍ക്കിംഗ് സംവിധാനവും ഉപയോഗപ്പെടുത്താം. ടൗണിലെ റോഡരികില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ അനുവദിക്കുന്നതല്ല. ഇത്തരക്കാര്‍ക്കെതിരെ പോലീസ് കര്‍ശന നടപടികള്‍ സ്വീകരിക്കും.

ടൗണിലെ ഓട്ടോ റിക്ഷകള്‍ ഒറ്റ ഇരട്ട നമ്പര്‍ സംവിധാനം  ഒരുക്കിയാവും സര്‍വീസ് നടത്തുക. വ്യാഴാഴ്ച മുതൽ  ഇരിട്ടി ബസ് സ്റ്റാന്‍ഡും ബസുകള്‍ക്ക് തുറന്ന് നല്‍കും.  മുഖാവരണം  ധരിക്കാതെ ആളുകള്‍എത്തിയാല്‍ അവര്‍ക്കെതിരെ പോലീസ് കേസെടുക്കും. കോവിഡ് ബാധ സ്ഥിരീകരിച്ച വ്യക്തികളുടെ ഇരിട്ടിയിലെ 2 സ്ഥാപനങ്ങളും തുറക്കില്ല.

ഇരിട്ടി നഗരസഭ ഹാളില്‍ ചേര്‍ന്ന സേഫ്റ്റി കമ്മറ്റി യോഗത്തില്‍ നഗരസഭ ചെയര്‍മാന്‍ പി. പി. അശോകന്‍ അധ്യക്ഷത വഹിച്ചു. ഇരിട്ടി താലൂക്ക് ആശുപത്രി സൂപ്രണ്ട് പി. പി.  രവീന്ദ്രന്‍, ഇരിട്ടി പ്രിന്‍സിപ്പല്‍ എസ് ഐ ദിനേശന്‍ കൊതേരി, നഗരസഭ കൗണ്‍സിലര്‍ പി. പി. ഉസ്മാന്‍, നഗരസഭ സെക്രട്ടറി അന്‍സല്‍ ഐസക്ക് , ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ. കെ. കുഞ്ഞിരാമന്‍, മര്‍ച്ചന്റ് അസോസിയേഷന്‍ പ്രസിഡന്റ് അയൂബ് പൊയിലന്‍, ഹോട്ടല്‍ ആന്‍ഡ് റസ്‌റ്റോറന്റ് അസോസിയേഷന്‍ പ്രസിഡന്റ് രാമകൃഷ്ണന്‍ എഴുത്തന്‍ എന്നിവർ യോഗത്തിൽ പങ്കെടുത്തു.