2021ഓടെ ലോകം സാധാരണ നിലയിലാകുമെന്ന് ബില്‍ഗേറ്റ്സ്

0 856

2021ഓടെ ലോകം സാധാരണ നിലയിലാകുമെന്ന് ബില്‍ഗേറ്റ്സ്

 

ഇപ്പോള്‍ പരീക്ഷണങ്ങള്‍ നടന്നുകൊണ്ടിരിക്കുന്ന കോവിഡ് വാക്സിനുകള്‍ പൂര്‍ണ്ണമായി വിജയിച്ചാല്‍ 2021ഓടെ ലോകം സാധാരണ നിലയിലാകുമെന്ന് മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ഗേറ്റ്സ്. വാക്സിന്‍ ഫലം കണ്ടാല്‍ വ്യാപകമായി ലഭ്യമാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍ സി.ഇ.ഒ കൌണ്‍സിലില്‍ പറഞ്ഞു.

അടുത്ത വര്‍ഷം അവസാനത്തോടെ കാര്യങ്ങള്‍ സാധാരണ നിലയിലാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ ഈ വാക്സിനുകള്‍ ഇപ്പോഴും ഫലപ്രാപ്തിയിലെത്തുമോ എന്ന് ഇപ്പോഴും തങ്ങള്‍ക്കറിയില്ലെന്നും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. വാക്സിന്‍ വരുന്നതോടെ മരണനിരക്ക് ഗണ്യമായി കുറക്കാന്‍ സാധിക്കും.മോണോക്ലോണല്‍ ആന്റിബോഡികള്‍ എന്നറിയപ്പെടുന്ന മരുന്നുകളുടെ വിഭാഗത്തില്‍പ്പെടുന്ന കോവിഡ് ആദ്യഘട്ട രോഗികളില്‍ വളരെയധികം ഫലമുണ്ടാക്കുമെന്നും ബില്‍ ഗേറ്റ്‌സ് പ്രത്യാശ പ്രകടിപ്പിച്ചു. മരണനിരക്ക് താരതമ്യേന ഇതിലൂടെ കുറക്കാമെങ്കിലും സമൂഹത്തെ സാധാരണ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ വാക്‌സിന്‍ നിര്‍ബന്ധമാണെന്നും അദ്ദേഹം പറഞ്ഞു.

ഫൈസർ / ബയോ‌ടെക്, അസ്ട്രാസെനെക്ക / ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി എന്നിവ വികസിപ്പിച്ചെടുത്ത കോവിഡ് 19 വാക്സിനുകൾ പടിഞ്ഞാറന്‍ രാജ്യങ്ങളുടെ അംഗീകാരം നേടിയെടുത്തിട്ടുണ്ട്.കോവിഡ് -19 നെതിരായ വാക്സിൻ വർഷാവസാനത്തോടെ തയ്യാറാകുമെന്ന് ലോകാരോഗ്യ സംഘടന മേധാവി ചൊവ്വാഴ്ച പറഞ്ഞിരുന്നു.

വാക്‌സിന്‍ ലഭ്യമാകുമ്പോള്‍ ആദ്യഘട്ടത്തില്‍ അത് സ്വീകരിക്കാന്‍ ജനങ്ങളെ പ്രേരിപ്പിക്കേണ്ടത് ശ്രമകരമായ കാര്യമാണ്. വാക്‌സിനുകളുടെ ഫലപ്രാപ്തിയെയും സുരക്ഷയേയും കുറിച്ച് ജനങ്ങള്‍ക്കുണ്ടാകുന്ന സംശയങ്ങളില്‍ അത്ഭുതപ്പെടാനില്ലെന്നും ബില്‍ഗേറ്റ്സ് പറഞ്ഞു.