ബെംഗളൂരു: പൗരത്വ നിയമ ഭേദഗതിക്കെതിരെ സംഘടിപ്പിച്ച പരിപാടിയില്‍ പാക് അനുകൂല മുദ്രാവാക്യം വിളിച്ച പെണ്‍കുട്ടിയെ പൊലീസ് അറസ്റ്റ് ചെയ്തു. ബെംഗളൂരു ഫ്രീഡം പാര്‍ക്കില്‍ നടന്ന സമരത്തിലാണ് പെണ്‍കുട്ടി പാക് അനുകൂല മുദ്രാവാക്യം ഉയര്‍ത്തിയത്. എഐഎംഐഎം നേതാവും എംപിയുമായ അസദുദീന്‍ ഒവൈസി പങ്കെടുത്ത പരിപാടിക്കിടെയാണ് സംഭവം. മൂന്നുവട്ടം പാക് അനുകൂല മുദ്രാവാക്യം വിളിച്ച അമൂല്യ ലിയോണ എന്ന പെണ്‍കുട്ടിയെ ഒവൈസി അടക്കമുള്ളവര്‍ മുദ്രാവാക്യം വിളിക്കുന്നതില്‍ നിന്ന് തടയുകയും കൈയില്‍നിന്ന് മൈക്ക് പിടിച്ചുവാങ്ങുകയും ചെയ്തു.
‘പാകിസ്ഥാന്‍ സിന്ദാബാദ്’ എന്നാണ് യുവതി മുദ്രാവാക്യം മുഴക്കിയത്. പെണ്‍കുട്ടി മുദ്രാവാക്യം മുഴക്കുന്നതിനിടെ നിങ്ങള്‍ എന്താണ് പറയുന്നതെന്ന് പറഞ്ഞ് ഒവൈസി എഴുന്നേറ്റു. തുടര്‍ന്ന് പ്രസംഗം തടയുകയും മൈക്ക് പിടിച്ചുവാങ്ങുകയും ചെയ്തു. പെണ്‍കുട്ടിയെ 124എ വകുപ്പ് പ്രകാരം രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയെ കോടതി മൂന്ന് ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.
തന്‍റെ പാര്‍ട്ടിക്കോ തനിക്കോ പെണ്‍കുട്ടിയുമായി ബന്ധമില്ലെന്നും ഇങ്ങനെയുള്ളവര്‍ പരിപാടിയില്‍ ഉണ്ടാവുമെന്ന് സംഘാടകര്‍ പറഞ്ഞിരുന്നുവെങ്കില്‍ താന്‍ വരില്ലായിരുന്നുവെന്നും ഒവൈസി പിന്നീട് വ്യക്തമാക്കി. ഞങ്ങള്‍ ഇന്ത്യക്കാരാണ്. പാകിസ്ഥാനെ പിന്തുണക്കുന്നവരല്ലെന്നും അദ്ദേഹം വിശദീകരിച്ചു. സേവ് കോണ്‍സ്റ്റിറ്റ്യൂഷന്‍റെ ബാനറിലാണ് പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്.
പെണ്‍കുട്ടിക്കും ഒവൈസിക്കുമെതിരെ ബിജെപി കര്‍ണാടക ഘടകം രംഗത്തെത്തി. ഒവൈസിയുടെ സാന്നിധ്യത്തില്‍ പെണ്‍കുട്ടിയുടെ മുദ്രാവാക്യം വിളിച്ചത് പാക് അനുകൂലികളും ഇന്ത്യാ വിരുദ്ധരുമാണ് സിഎഎ വിരുദ്ധ സമരത്തിന് പിന്നിലെന്നതിന്‍റെ വ്യക്തമായ തെളിവാണെന്നും ഇവരെ കോണ്‍ഗ്രസാണ് പിന്തുണക്കുന്നതെന്നും ബിജെപി ആരോപിച്ചു. സമരത്തിനിടക്ക് അമൂല്യയെപ്പോലുള്ളവര്‍ എതിരാളികള്‍ കടത്തിവിടുകയായിരുന്നുവെന്ന് ജെഡിഎസ് ആരോപിച്ചു. എന്നാല്‍ പാകിസ്താന്‍ സിന്ദാബാദും ഹിന്ദുസ്ഥാന്‍ സിന്ദാബാദും തമ്മിലുള്ള വ്യത്യാസത്തെപ്പറ്റി പറയാനാണ് ശ്രമിച്ചതെന്നാണ് അമൂല്യയുടെ വാദം.