കാലിക്കറ്റ് സർവ്വകലാശാല കൈക്കൂലിക്കേസ്, മൂന്നംഗ സമിതി അന്വേഷിക്കും

0 2,367

കോഴിക്കോട്: കാലിക്കറ്റ് സർവ്വകലാശാലയിലെ പരീക്ഷാഭവൻ ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങിയ സംഭവത്തിൽ മൂന്നംഗ സമിതി അന്വേഷിക്കും. സാങ്കേതിക വിദഗ്ധർ ഉൾപ്പെടുന്ന സമിതിയോട് രണ്ടാഴ്ചക്കകം അന്വേഷിച്ച് റിപ്പോർട്ട് നൽകാനാണ് വിസിയുടെ നിര്‍ദ്ദേശം. ബിരുദ സര്‍ട്ടി‍ഫിക്കറ്റിലെ പിഴവ് തിരുത്താനായാണ് പരീക്ഷ ഭവനിലെ സെക്ഷന്‍ ഓഫീസറും അസിസ്റ്റന്‍റും ബിരുദ വിദ്യാര്‍ത്ഥിയില്‍ നിന്ന് കൈക്കൂലി വാങ്ങിയത്.

സർട്ടിഫിക്കറ്റിലെ പിഴവ് തിരുത്താൻ പരീക്ഷാഭവൻ ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങിയ സംഭവത്തിന് പിന്നിൽ വൻ സാമ്പത്തിക തട്ടിപ്പ് നടന്നിട്ടുണ്ടെന്ന പ്രാഥമിക നിഗമനത്തിന്‍റെ അടിസ്ഥാനത്തിലാണ് വിപുലമായ അന്വേഷണത്തിന് സർവ്വകലാശാല തുടക്കമിടുന്നത്. പിഴവ് തിരുത്തുന്നതിന്‍റെ പേരിൽ ചലാനിൽ കൃത്രിമം കാണിച്ച് പണം തട്ടിയതാണ് ഏറ്റവുമൊടുവിലത്തെ സംഭവം. അൻപതുരൂപയുടെ ചലാന്‍, 1350 രൂപയാക്കി എഡിറ്റ് ചെയ്യുകയും വിദ്യാർത്ഥിയോട് 5000 രൂപ ഓണ്‍ലൈന്‍ വഴി വാങ്ങിയെന്നും പ്രാഥമികാന്വേഷണത്തിൽ പ്രോ വൈസ് ചാൻസലർ കണ്ടെത്തിയിരുന്നു. തുടർന്നാണ് കൂടുതൽ അന്വേഷത്തിന് പ്രത്യേക സംഘത്തെ നിയോഗിക്കണമെന്നാവശ്യപ്പെട്ട് വൈസ് ചാൻസലർക്ക് റിപ്പോർട്ട് സമർപ്പിച്ചത്.

പരാതിയുടെ അടിസ്ഥാനത്തിൽ പരീക്ഷ ഭവനിലെ അസി. സെക്ഷൻ ഓഫീസർ ഡോ. സുജിത് കുമാർ,  അസിസ്റ്റൻഡ്  എം കെ മൻസൂർ എന്നിവർ സസ്പെൻഷനിലാണ്. സാമ്പത്തിക, സാങ്കേതിക വിദഗ്ധർ അംഗങ്ങളായ പ്രത്യേക സമിതി രണ്ടാഴ്ചക്കകം അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കും. കൂടുതൽ ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കുമെന്നും സൂചനകളുണ്ട്. കൂടുതൽ തെളിവുകളുണ്ടെങ്കിൽ ഹാജരാക്കാൻ പരാതിക്കാരോട് സർവ്വകലാശാല ആവശ്യപ്പെട്ടിട്ടുണ്ട്. സർവ്വകലാശാലയിലേക്ക് ചലാൻ വഴി വരുന്ന പണം നേരത്തെ ഫിനാൻസ് വിഭാഗം ഒത്തുനോക്കി കണക്ക് തിട്ടപ്പെടുത്താറുണ്ടായിരുന്നു. ഓൺലൈൻ സംവിധാനത്തിലേക്ക് മാറിയതിനാൽ കുറെക്കാലമായി ഈ പരിശോധനയില്ലാത്തത് തട്ടിപ്പിന് എളുപ്പമായെന്നാണ് വിലയിരുത്തൽ.  നടപടിക്ക് വിധേയരായ പരീക്ഷ ഭവനിലെ അസി. സെക്ഷൻ ഓഫീസർ ഡോ. സുജിത് കുമാർ, അസിസ്റ്റൻഡ്  എം കെ മൻസൂർ എന്നിവർ  ഇതുവരെ കൈകാര്യം ചെയ്ത ഫയലുകളും അന്വേഷണ സംഘം പരിശോധനയ്ക്ക് വിധേയമാക്കും.