ആറളം: ലോകമെങ്ങും കൊറോണ വൈറസ് അബാധയുണ്ടായതിന്റെ അടിസ്ഥാനത്തിൽ കടുവകളെ നിരീക്ഷിക്കാനായി ആറളം വന്യജീവി സങ്കേതത്തിൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചു. ചിലയിടങ്ങളിൽ കടുവകൾക്കും വൈറസ് ബാധ റിപ്പോർട്ട് ചെയ്തതിനെത്തുടർന്ന് നാഷണൽ ടൈഗർ കൺസർവേഷൻ അതോറിറ്റി ( എൻ ടി സി എ ) കാടുകളിലുള്ള കടുവകളെയും നിരീക്ഷിക്കാൻ നിർദ്ദേശം നൽകിയിരുന്നു. അതിന്റെയടിസ്ഥാനത്തിൽ ആണ് ആറളം വന്യജീവി സങ്കേതത്തിൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചത്. പ്രധാനമായും കുളങ്ങൾ കേന്ദ്രീകരിച്ചാണ് നിരീക്ഷണം നടക്കുന്നത്. ചലിക്കുന്ന മൃഗങ്ങളുടെ ഫോട്ടോ, വീഡിയോ എന്നിവ ജീവികൾ അറിയാതെ എടുക്കാൻ കഴിയുന്ന ഇൻഫ്രാറെഡ് ക്യാമറ ആണ് സ്ഥാപിച്ചിരിക്കുന്നത്. ക്യാമറകളിലെ ചിത്രങ്ങൾ പരിശോധിച്ച് ജീവികളുടെ ആരോഗ്യ സ്ഥിതി മനസിലാക്കാൻ സാധിക്കുമെന്ന് ആറളം വൈൽഡ്ലൈഫ് വാർഡൻ എ. സജ്‌ന അറിയിച്ചു.