കണ്ണൂര്‍: ഗര്‍ഭാശയ ഗള കാന്‍സര്‍ നിര്‍ണയ കേന്ദ്രം കണ്ണപുരത്തെ ചെറുകുന്ന് കുടുംബാരോഗ്യകേന്ദ്രത്തില്‍ മന്ത്രി കെ.കെ. ശൈലജ ഉദ്ഘാടനം ചെയ്തു. ഇന്ത്യയിലെ മറ്റെല്ലാ സംസ്ഥാനങ്ങളെക്കാളും മെച്ചപ്പെട്ട പ്രവര്‍ത്തനങ്ങളാണ് കേരളത്തിലെ ആരോഗ്യമേഖലയില്‍ നടപ്പാക്കി വരുന്നതെന്ന് മന്ത്രി പറഞ്ഞു. പകര്‍ച്ചവ്യാധികളെ പ്രതിരോധിക്കുകയാണ് നമ്മുടെ ഏറ്റവും വലിയ വെല്ലുവിളി. കൂട്ടായ പ്രവര്‍ത്തനങ്ങളിലൂടെയാണ് നിപയും കൊറോണയും പോലുള്ള പകര്‍ച്ചവ്യാധികളെ കേരളം ചെറുത്തത്. കോവിഡ് 19 വൈറസ് ബാധയുമായി ബന്ധപ്പെട്ട നിരീക്ഷണങ്ങള്‍ തുടരുകയാണെന്നും മന്ത്രി പറഞ്ഞു. രാജ്യത്ത് ആദ്യമായാണ് ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനം ഗര്‍ഭാശയഗള കാന്‍സര്‍ നിര്‍മാര്‍ജന പദ്ധതി ഏറ്റെടുത്തിട്ടുള്ളത്. ആയുര്‍വേദ, ഹോമിയോ ഡിസ്പന്സറികള് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ഭാഗമാകുന്നതോടെ ആരോഗ്യ സംവിധാനങ്ങള്‍ ഒരു കുടക്കീഴില് ലഭ്യമാകുന്ന കേരളത്തിലെ ആദ്യ കേന്ദ്രമായി ചെറുകുന്ന് കുടുംബാരോഗ്യ കേന്ദ്രം മാറും. നിലവില്‍ നാല് ഡോക്ടര്‍മാരുടെയും മറ്റ് പാരാ മെഡിക്കല്‍ ജീവനക്കാരുടെയും സൗകര്യം ലഭ്യമാണ്. ടി.വി.
രാജേഷ് എംഎല്‍എ അധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. നാരായണ നായ്ക് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
തലശേരി മലബാര്‍ കാന്‍സര്‍ സെന്റര്‍ ഡയറക്ടര്‍ ഡോ. സതീശന് ബാലസുബ്രഹ്മണ്യന് ഗര്‍ഭാശയഗള കാന്‍സര്‍ നിര്‍മാര്‍ജന പദ്ധതി വിശദീകരിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കല്യാശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.വി. പ്രീത, ജില്ലാ പഞ്ചായത്തംഗങ്ങളായ പി.പി.ഷാജര്‍, അന്‍സാരി തില്ലങ്കേരി, കണ്ണപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. രാമകൃഷ്ണന്, ചെറുകുന്ന് പിഎച്ച്സി മെഡിക്കല്‍ ഓഫീസര്‍ ഡോ. വസു ആനന്ദ് എന്നിവര്‍ പ്രസംഗിച്ചു.