പേരാവൂർ: കണ്ണൂർ ജില്ലയിലെ മലയോര വിനോദ സഞ്ചാര കേന്ദ്രമായി വളർന്നു വരുന്ന ഏലപ്പീടികയിൽ വിനോദ സഞ്ചാരികൾക്കായി സൗകര്യങ്ങൾ ഒരുക്കി തദ്ധേശ സ്വയംഭരണ സ്ഥാപനങ്ങൾ. കണ്ണൂർ ജില്ലാ പഞ്ചായത്ത് 8 ലക്ഷം രൂപയും പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് 1 ലക്ഷം രൂപയും, കണിച്ചാർ ഗ്രാമപഞ്ചായത്ത് 1 ലക്ഷം രൂപയും ഉൾപ്പെടെ 10 ലക്ഷം രൂപ ഉപയോഗിച്ച് തയ്യാറാക്കിയ ഏലപ്പീടിക ടൂറിസം വ്യൂ പോയൻറ് നിർമ്മാണം പൂർത്തിയായി. 9 മിനി ഹൈമാസ്ക്ക് ലൈറ്റുകൾ, എൽ.ഇ.ഡി. സൈ നേജ്ബോർഡ് ഇൻ്റർലോക്കിംങ്ങ് എന്നിവയാണ് തയ്യാറാക്കിയിട്ടുള്ളത്. വൈകുന്നേരം ആറ് മണി മുതൽ വ്യൂ പോയിൻ്റിൽ ലൈറ്റുകൾ തെളിയുന്നതോടെ സഞ്ചാരികൾക്ക് കൗതുക കാഴ്ച്ചകൾ തുടങ്ങുകയായി. ഓപ്പൺ എയർ ഓഡിറ്റോറിയമായും ഉപയോഗിക്കാൻ കഴിയുന്ന തരത്തിലാണ് നിർമ്മാണം പൂർത്തിയായിട്ടുള്ളത്. തൊട്ടടുത്തായി കണിച്ചാർ പഞ്ചായത്ത് നിർമ്മിച്ച ട്രെയിൻ മാതൃകയിലുള്ള വഴിയോര വിശ്രമകേന്ദ്രവും, കോഫി ഷോപ്പും സഞ്ചാരികൾക്ക് ഏറെ കൗതുകമുണ്ടാക്കുന്നു. ഏലപ്പീടിക കുരിശുമലയും, പുൽമേടും, ഹിറ്റാച്ചി കുന്നും, ഇരുപത്തി ഒൻപതാം മൈൽ വെള്ളച്ചാട്ടവും ഉൾപ്പെടെ സഞ്ചാരികൾക്ക് നിരവധി കാഴ്ച്ചകളാണ് ഏലപ്പീടികയിലുള്ളത്.നിർമ്മാണം ആരംഭിച്ച 29-ാം മൈൽ ശുചിത്വ പാർക്ക് പൂർത്തിയാകുന്നതോടുകൂടി കണിച്ചാർ പഞ്ചായത്തിലെ ഏലപ്പീടിക ടൂറിസം ഡെസ്റ്റിനേഷൻ പ്രവർത്തനങ്ങൾ കൂടുതൽ സജീവമാകും.