നടിയെ ആക്രമിച്ച കേസ്; പൾസർ സുനിയെ ചോദ്യം ചെയ്തു
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ (Actress assault case) അന്വേഷണ ഉദ്യോഗസ്ഥരെ കൊല്ലാൻ നടൻ ദിലീപ് ഗൂഢാലോചന നടത്തിയെന്ന കേസുമായി ബന്ധപ്പെട്ട് പൾസർ സുനിയെ (Pulsar Suni ) (സുനിൽ കുമാർ) ചോദ്യം ചെയ്തു. എറണാകുളം സബ് ജയിലിലെത്തിയാണ് ഇയാളുടെ മൊഴിയെടുത്തത്. സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകളുടെ നിജസ്ഥിതിയാണ് അന്വേഷണ സംഘം പരിശോധിച്ചത്.
നടൻ ദിലീപിനെ കാണാനെത്തിയപ്പോൾ, സുനിൽ കുമാറിനൊപ്പം കാറിൽ യാത്ര ചെയ്തിട്ടുണ്ടെന്നും ദിലീപിന്റെ സഹോദരൻ സുനിൽ കുമാറിന് പണം നൽകിയത് കണ്ടിട്ടുണ്ടെന്നതടക്കമുള്ള വിവരങ്ങൾ നേരത്തെ ബാലചന്ദ്ര കുമാർ വെളിപ്പെടുത്തിയിരുന്നു. ബാലചന്ദ്രകുമാറിനെ കണ്ടതടക്കമുള്ള കാര്യം പൾസർ സുനി സമ്മതിച്ചതായാണ് വിവരം. ഇത് പൾസർ സുനിയെ തനിക്ക് നേരത്തെ അറിയില്ലായിരുന്നുവെന്ന ദിലീപിന്റെ വാദം ഘണ്ഡിക്കാൻ സാധിക്കുന്ന തെളിവായേക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ.