ഗര്‍ഭസ്ഥ ശിശുവും മാതാവും മരിച്ച സംഭവം; ജൂസില്‍ വിഷം നല്‍കി കൊലപ്പെടുത്തിയതാണെന്ന് സൂചന

0 829

എടവക പഞ്ചായത്തില്‍ ഗര്‍ഭസ്ഥ ശിശുവും മാതാവും മരിച്ച സംഭവം ജൂസില്‍ വിഷം നല്‍കി കൊലപ്പെടുത്തിയതാണെന്ന് പോലീസിന് വിവരം ലഭിച്ചതായി സൂചന. പോലീസ് നടത്തിയ ഡി.എന്‍.എ പരിശോധനയില്‍ കുട്ടിയുടെ പിതൃത്വം നേരത്തെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്ന പ്രതി റഹീമിന്റെതെന്നും തെളിഞ്ഞു.2021 നവംബര്‍ 19 ന് മരണപ്പെട്ട എടവക മൂളിത്തോട് പളളിക്കല്‍ ദേവസ്യയുടെ മകള്‍ റിനിയുടെയും ഗര്‍ഭസ്ഥ ശിശുവിന്റെയും മരണമാണ് കൊലപാതകമെന്ന് തെളിഞ്ഞതായി സൂചനയുള്ളത്. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസ് എടുത്ത് പ്രതി മൂളിത്തോടുകാരനായ പുതുപറമ്പില്‍ റഹീമിനെ മാനന്തവാടി പോലീസ് അറസ്റ്റ് ചെയ്യുകയും പ്രതി റിമാന്റില്‍ ആവുകയും ചെയ്തിരുന്നു.

ശക്തമായ പനിയും ചര്‍ദ്ദിയേയും തുടര്‍ന്ന് 2021 നവംബര്‍ 18 നാണ് റിനിയെ മാനന്തവാടി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. രോഗം മൂര്‍ഛിച്ചതിനെ തുടര്‍ന്ന് പിറ്റെ ദിവസം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയും ആദ്യം ഗര്‍ഭസ്ഥ ശിശുവും പിന്നാലെ റിനിയും മരണപെടുകയായിരുന്നു. അന്ന് തന്നെ നാട്ടുകാര്‍ മരണത്തില്‍ ദുരൂഹത ഉന്നയിച്ചിരുന്നു. വിവാഹ മോചനകേസില്‍ നിയമനടപടി സ്വീകരിച്ചു വന്നിരുന്ന റിനി അഞ്ച് മാസം ഗര്‍ഭിണിയുമായിരുന്നു. വിവാഹ മോചന കേസിന്റെയും മറ്റ് കാര്യങ്ങള്‍ക്കായ് റിനിയുടെ കുടുംബവുമായി നിരന്തബന്ധം പുലര്‍ത്തിയിരുന്ന മൂളിത്തോട് താമസിക്കുന്ന ഓട്ടോ ഡ്രൈവര്‍ 53 കാരനായ പുതുപറമ്പില്‍ റഹീമിന്റെ പേര് അന്ന് തന്നെ ഉയര്‍ന്നിരുന്നു.

കേസിനും മറ്റുമായി ഓട്ടോ റിക്ഷയില്‍ കൊണ്ട് പോകുമ്പോള്‍ ജൂസില്‍ വിഷം കലര്‍ത്തി റിനിക്ക് നല്‍കിയിരുന്നു എന്നായിരുന്നു നാട്ടുകാരുടെയും ബന്ധുക്കളുടെയും ആരോപണം. മരണത്തില്‍ ദുരൂഹത ആരോപിച്ച നാട്ടുകാര്‍ പ്രതിഷേധവുമായി മുന്നോട്ട് വരികയും കല്ലോടി പള്ളി വികാരിയുടെ നേതൃത്വത്തില്‍ ആക്ഷന്‍ കമ്മിറ്റിക്ക രൂപം നല്‍കുകയും ചെയ്തിരുന്നു. മരണത്തില്‍ ദുരൂഹത ഉയര്‍ന്നതിനെ തുടര്‍ന്ന് മാനന്തവാടി പോലീസ് അന്ന് തന്നെ നവജാത ശിശുവിന്റെ ഡി.എന്‍.എ ടെസ്റ്റ് നടത്തുകയും ചെയ്തിരുന്നു. ജൂസില്‍ നല്‍കിയിരുന്നത് വിഷം കലര്‍ന്ന പാനീയമാണെന്ന് തെളിഞ്ഞതായാണ് ലഭിക്കുന്ന വിവരം. കൂടാതെ ഡി.എന്‍.എ ടെസ്റ്റ് നടത്തിയതില്‍ നവജാതശിശുവിന്റെ പിതൃത്വം പ്രതി റഹീമിന്റെതാണെന്നും തെളിഞ്ഞതായാണ് അറിയുന്നത്. പോലീസ് ഇക്കാര്യങ്ങള്‍ ഔദ്യോഗികമായി പുറത്ത് വിട്ടില്ലെങ്കിലും വരും ദിവസങ്ങളില്‍ റഹീമിനെതിരെ ആദ്യം എടുത്ത കേസിന് പുറമെ കൊലകുറ്റത്തിനും ഭ്രൂണഹത്യയ്ക്കും കൂടി കേസെടുക്കുമെന്നാണ് ലഭിക്കുന്നവിവരം