ഷെയിന്‍ പ്രശ്നത്തില്‍ ഒത്തുതീര്‍പ്പ്; നല്ല രീതിയില്‍ അവസാനിക്കുമെന്ന് മോഹന്‍ലാല്‍
ഷെയിന്‍ പ്രശ്നത്തില്‍ ഒത്തുതീര്‍പ്പ്; നല്ല രീതിയില്‍ അവസാനിക്കുമെന്ന് മോഹന്‍ലാല്‍
കൊച്ചി: നടന് ഷെയിന്‍ നിഗവും നിര്‍മാതാക്കളുടെ സംഘടനയുമായുള്ള പ്രശ്നങ്ങള്‍ ഒത്തുതീര്‍പ്പിലേക്ക്. ചൊവ്വാഴ്ച ചേര്‍ന്ന അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ നിര്‍വാഹക സമിതി യോഗത്തിലാണു പ്രശ്നങ്ങള്‍ തീര്‍ക്കുന്നതിന് തീരുമാനമെടുത്തത്.
വെയില്, കുര്‍ബാനി എന്നീ സിനിമകളുടെ നിര്‍മാതാക്കള്‍ക്ക് നഷ്ടപരിഹാരം നല്കാന് യോഗത്തില്‍ തീരുമാനിച്ചു. ഇത് ഷെയിന്‍ നിഗം അംഗീകരിച്ചിട്ടുണ്ട്. പണം നല്‍കുന്നതുമായി ബന്ധപ്പെട്ട് നിര്‍മാതാക്കളുടെ സംഘടനയുമായി അടുത്ത ദിവസം ചര്‍ച്ച നടക്കും. വിലക്ക് നീക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് യോഗത്തിലേക്ക് ഷെയിന്‍ നിഗത്തെയും വിളിച്ചുവരുത്തിയിരുന്നു.
എല്ലാം നല്ല രീതിയില്‍ അവസാനിക്കുമെന്ന് അമ്മ പ്രസിഡന്റ് മോഹന്‍ലാല്‍ പ്രത്യാശ പ്രകടിപ്പിച്ചു. ഷെയിന്‍ നിഗവും നിര്‍മാതാക്കളുമായി ഏതാനും നാളുകളായി തുടരുന്ന പ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെയാണ് അമ്മ നിര്‍വാഹക സമിതിയോഗം ചേര്‍ന്നത്. യോഗത്തില്‍ മുകേഷ്, ഗണേഷ് എന്നിവരൊഴികെ എല്ലാ അംഗങ്ങളും പങ്കെടുത്തു.