ദുരിതാശ്വാസഫണ്ട് വക മാറ്റിയ കേസ്; വിധി പറയാതെ ലോകായുക്ത, പരാതിക്കാരൻ ഹൈക്കോടതിയിലേക്ക്

0 915

തിരുവനന്തപുരം: ദുരിതാശ്വാസഫണ്ട് വകമാറ്റിയതിൽ മുഖ്യമന്ത്രിക്കെതിരായ കേസിൽ വാദം പൂർത്തിയായി ഒരു വർഷമായിട്ടും വിധി പറയാത്ത ലോകായുക്ത നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാൻ പരാതിക്കാരൻ. കേസിൽ വാദം പൂർത്തിയായിട്ട് ഇന്നലെ ഒരു വർഷം പിന്നിട്ടിരുന്നു.കേസ് കണക്കിലെടുത്ത് ലോകായുക്തയുടെ അധികാരം വെട്ടിക്കുറക്കുന്ന ബിൽ നിയമസഭ പാസ്സാക്കിയെങ്കിലും ഇതുവരെ ഗവർണർ ഒപ്പിട്ടിട്ടില്ല.

രാഷ്ട്രീയകേരളം ആകാംക്ഷയോടെ വിധി കാത്തിരിക്കുന്ന കേസ്. കേസിൻറെ പേരിൽ ലോകായുക്തയുടെ ചിറകരിയാൻ നിയമം വരെ കൊണ്ടുവന്ന സർക്കാർ. വൻ രാഷ്ട്രീയ കോളിളക്കമുണ്ടായ സംഭവങ്ങൾക്കിടെയാണ് കേസിൽ വാദം പൂർത്തിയായി ഒരു വർഷം പിന്നിട്ടത്. മുഖ്യന്ത്രി പിണറായി വിജയനും കഴിഞ്ഞ മന്ത്രിസഭയിലെ 18 പേർക്കുമെതിരെയാണ് കേസ്. വാദം പൂർത്തിയായ കേസുകളിൽ ആറുമാസത്തിനുള്ളിൽ വിധി പറയണമെന്ന സുപ്രീം കോടതിയുടെ പരാമർശത്തിൻറെ ചുവട് പിടിച്ചാണ് ലോകായുക്തക്കെതിരായ പരാതിക്കാരൻ ആർഎസ് ശശികുമാറിൻറെ നീക്കം. ലോകായുക്ത രജിസ്ട്രാർക്കെതിരായാണ് ഹൈക്കോടതിയെ സമീപിക്കുന്നത്