കശുവണ്ടി വിളവുണ്ട്; വിലയില്ല:

0 966

കശുവണ്ടി വിളവുണ്ട്; വിലയില്ല:

 

 

ഇരിട്ടി: ലോക്ക് ഡൗൺ കാലത്ത് കശുവണ്ടിയാണ് കർഷകരെ ശരിക്കും കണ്ണീർ കുടിപ്പിച്ചത്. വിളവെടുപ്പ്‌ സമയത്ത് തുടങ്ങിയ ലോക്ക് ഡൗൺ മൂലം കിട്ടിയ വിലക്ക്‌ കശുവണ്ടി വില്ക്കാൻ വിധിക്കിപ്പെട്ടവരായി നല്ലൊരുവിഭാഗം കർഷകരും. നല്ല വിളവുണ്ടായിട്ടും വിലയില്ലാതെപോയൊരു കാലം കൂടിയാണ് ഇത്. ഉത്പാദനത്തിന്റെ തുടക്കത്തിൽ 110 രൂപ വരെ കിലോയ്ക്ക് വില കിട്ടിയിരുന്നെങ്കിലും പിന്നീട് അത് കുറഞ്ഞ് 90-ലേക്ക് എത്തി. ഇപ്പോൾ 50 നും 70 നും ഇടയിലാണ് കശുവണ്ടിയുടെ വില. ലോക്ക് ഡൗൺ കാലത്ത് വില കുത്തനെ ഇടിയാൻ തുടങ്ങിയതും പിന്നിട് വിപണനംതന്നെ നിർത്തേണ്ട സാഹചര്യവുംഉണ്ടായി. സഹകരണ സംഘങ്ങൾ വഴി കാപെക്സും കശുവണ്ടി വികസന കോർപ്പറേഷനും കർഷകരിൽനിന്ന്‌ കിലോയ്ക്ക് 90 രൂപ നിരക്കിൽ സംഭരിക്കുമെന്ന പ്രഖ്യാപനം ആശ്വാസമായിരുന്നു. ജില്ലയിൽനിന്ന്‌ ഇത്തരത്തിൽ 3000 ടണ്ണും കാസർക്കോട്ടുനിന്ന് 900 ടണ്ണും സംഭരിച്ചെങ്കിലും ഇപ്പോൾ സംഭരണം നിലച്ച മട്ടാണ്.

 

72 രൂപ തോതിൽ സംഭരണം തുടരാൻ തീരുമാനിച്ചെങ്കിലും മിക്ക സംഘങ്ങളും സംഭരണത്തിന് തയ്യാറാകുന്നില്ല. സംഭരിച്ച കശുവണ്ടി കയറ്റിപ്പോകാഞ്ഞതും വിലക്കുറവും കാരണമാണ് പല സംഘങ്ങളും സംഭരണം നിർത്തിയത്. വിപണിയിലെ ഈ അനിശ്ചിതത്വം മുതലാക്കി സ്വകാര്യ സംരംഭകർ തോന്നിയ വിലയാണ് കർഷകർക്ക് നൽകുന്നത്. ഇത്തവണ കണ്ണൂരിൽനിന്ന്‌ 44,000 ടണ്ണും കാസർക്കോട്ടുനിന്ന്‌ 15,000 ടണ്ണുമാണ് ഉത്പാദനം പ്രതീക്ഷിച്ചത്.

ഉത്പാദനത്തിന്റെ തുടക്കത്തിൽ തേയില കൊതുകിൻ ആക്രമണവും കൊമ്പുണക്കവും ഉത്‌പാദനക്കുറവുണ്ടാക്കുമെന്ന ആശങ്ക ഉണ്ടാക്കിയിരുന്നു. എന്നാൽ ചിലയിടങ്ങളിൽ ലഭിച്ച വേനൽ മഴയും കാലാവസ്ഥ അനുകൂലമായതും മികച്ച ഉത്പാനത്തിനിടയാക്കി. പ്രതീക്ഷിച്ചതിൽ കൂടുതൽ ഉത്പാദനം ഉണ്ടായി എന്നാണ് കർഷകർ പറയുന്നത്. എന്നാൽ പിന്നീടുണ്ടായ അടച്ചിടലും വിപണിയിലെ അനിശ്ചിതത്വവും മൂലം ഉത്പാദന വർധനവിന്റെ ഗുണം ലഭിച്ചില്ലെന്ന് മാത്രമല്ല കിട്ടിയ വിലയ്ക്ക് കൊടുത്ത് ഒഴിവാക്കേണ്ട സാഹചര്യവുമാണ് ഉണ്ടായതെന്ന് കർഷകർ പറഞ്ഞു. വേനൽമഴ കൂടെക്കൂടെ പെയ്താാൽ ഇനിയും വില ഇടിയുമെന്ന ആശങ്കയാണ് നിലനില്ക്കുന്നത്.