ലൈഫ് മിഷൻ പദ്ധതിയിൽ അഴിമതി നടന്നിട്ടുണ്ടെന്ന് ഹൈക്കോടതിയിൽ സിബിഐ
ലൈഫ് മിഷൻ പദ്ധതിയിൽ അഴിമതി നടന്നിട്ടുണ്ടെന്ന് സിബിഐ ഹൈക്കോടതിയിൽ. ലൈഫ് മിഷൻ ഉദ്യോഗസ്ഥർ ഈ പദ്ധതിയുമായി ബന്ധപ്പെട്ട് പണം വാങ്ങിയോ എന്ന് പരിശോധിച്ചുവരികയാണെന്നും സിബിഐ കോടതിയെ അറിയിച്ചു. കേസിൽ സിബിഐ അന്വേഷണത്തിന് സ്റ്റേ നൽകണമെന്ന യുണീടാക് എംഡിയുടെ ആവശ്യം കോടതി തള്ളി.
തനിക്കെതിരായി സിബിഐ റജിസ്റ്റർ ചെയ്ത എഫ്‌ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സന്തോഷ് ഈപ്പൻ നൽകിയ ഹർജിയാണ് ഹൈക്കോടതി പരിഗണിച്ചത്. ലൈഫ് മിഷനിൽ അഴിമതി നടന്നെങ്കിൽ അതിൽ യൂണിടാകിന് ഒരു ഉത്തരവാദിത്തവുമില്ലെന്നും, തന്റേത് ഒരു സ്വകാര്യ ഏജൻസി മാത്രമാണെന്നുമായിരുന്നു സന്തോഷ് ഈപ്പന്റെ വാദം. ഇതിനിടെയാണ് പദ്ധതിയുമായി ബന്ധപ്പെട്ട് അഴിമതി നടന്നിട്ടുണ്ടെന്ന് സിബിഐ കോടതിയിൽ പറഞ്ഞത്.
സന്തോഷ് ഈപ്പൻ ഫോൺ നൽകിയതിലും പണം നൽകിയതിലും അഴിമതിയുണ്ടെന്ന് സിബിഐ കോടതിയിൽ വാദിച്ചു. സ്വപ്ന സുരേഷിന് സന്തോഷ് ഈപ്പൻ കമ്മീഷൻ നൽകിയതും കൈക്കൂലിയായി കണക്കാക്കണം. ലൈഫ് മിഷനിലെ ഏതെങ്കിലും ഉദ്യോഗസ്ഥർ കൈക്കൂലിയായി പണം വാങ്ങിയോ എന്ന കാര്യം വിശദമായ അന്വേഷണത്തിലൂടെ മാത്രമേ വ്യക്തമാകൂ. അതിനാൽ ഇക്കാര്യത്തിൽ അന്വേഷണം സ്റ്റേ ചെയ്യണമെന്ന ഹർജിക്കാരന്റെ ആവശ്യം തള്ളണമെന്നും സിബിഐ ഹൈക്കോടതിയിൽ വാദിച്ചു.