സിബിഎസ്‌ഇ പരീക്ഷാ മൂല്യനിര്‍ണയം നാളെ മുതല്‍ വീടുകളില്‍

0 873

സിബിഎസ്‌ഇ പരീക്ഷാ മൂല്യനിര്‍ണയം നാളെ മുതല്‍ വീടുകളില്‍

കോഴിക്കോട് : സിബിഎസ്‌ഇ പരീക്ഷകളുടെ മൂല്യനിര്‍ണയം നാളെ മുതല്‍ വീടുകളില്‍ നടക്കും. 10,12 ക്ലാസുകളിലെ കഴിഞ്ഞ പരീക്ഷകളുടെ മൂല്യനിര്‍ണയമാണ് അധ്യാപകരുടെ വീടുകളില്‍ നടക്കുക. ഇതുസംബന്ധിച്ച്‌ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ തീരുമാനത്തിന് സി.ബി.എസ്.ഇ ബോര്‍ഡ് അനുമതി നല്‍കി.

കേരളഓണ്‍ലൈന്‍ ന്യൂസ് യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

സി.ബി.എസ്.ഇയുടെ 92 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് മൂല്യനിര്‍ണയം വീടുകളില്‍ നടക്കുന്നത്. 200 ഉത്തരക്കടലാസുകള്‍ വീതം മൂല്യനിര്‍ണയം നടത്തുന്ന അധ്യാപകരുടെ വീടുകളില്‍ ചീഫ് നോഡല്‍ സൂപ്രണ്ടിന്റെ കീഴിലുള്ള മേലധികാരികള്‍ എത്തിച്ചു നല്‍കും.
വരുന്ന 7, 8 ദിവസങ്ങള്‍ക്കുള്ളില്‍ മൂല്യനിര്‍ണയം പൂര്‍ത്തിയാക്കി ഉത്തരക്കടലാസുകള്‍ തിരികെ നല്‍കുവാനാണ് നിര്‍ദ്ദേശം. ഉത്തരക്കടലാസുകള്‍ കൈപ്പറ്റുന്ന വേളയില്‍ മൂല്യനിര്‍ണയം നടത്തുന്ന അധ്യാപകര്‍ അവരുടെ സ്കൂള്‍ ഐഡി കാര്‍ഡ്, ആധാര്‍ കാര്‍ഡ് എന്നിവയുടെ കോപ്പികള്‍ നോഡല്‍ ഓഫീസര്‍ക്ക് കൈമാറണം.

മാനദണ്ഡങ്ങള്‍ പാലിച്ച്‌ ക്രമകേടുകള്‍ ഇല്ലാതെ മൂല്യനിര്‍ണയം നടത്തുമെന്ന സാക്ഷ്യപത്രവും അധ്യാപകര്‍ ഒപ്പിട്ട് നല്‍കണം. അതേസമയം, പന്ത്രണ്ടാം ക്ലാസിലെ ബാക്കി പരീക്ഷകള്‍ ജൂലൈ ഒന്നു മുതല്‍ 15 വരെ നടക്കും.