കേന്ദ്ര ഏജന്‍സികള്‍ ഭീഷണിപ്പെടുത്തുന്നു; രാജ്യസഭാ ചെയര്‍മാന് കത്തയച്ച് ശിവസേന എം.പി

0 1,162

മഹാരാഷ്ട്ര സര്‍ക്കാരിനെ താഴെയിറക്കാന്‍ സഹായിക്കണമെന്ന ആവശ്യം നിരാകരിച്ചതിന്റെ പേരില്‍ തന്നേയും കുടുംബത്തേയും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് തുടര്‍ച്ചയായി വേട്ടയാടുകയാണെന്ന് ശിവസേന എം.പി സഞ്ജയ് റൗട്ട്. രാജ്യസഭാ ചെയര്‍മാന്‍ വെങ്കയ്യ നായിഡുവിന് അയച്ച കത്തിലാണ് തന്റെ ദുരവസ്ഥയെപ്പറ്റി സഞ്ജയ് റൗട്ട് വ്യക്തമാക്കുന്നത്. മഹാരാഷ്ട്രയില്‍ നിന്നുള്ള രാജ്യസഭാംഗമാണ് സഞ്ജയ്.

‘ ഇ.ഡിയും മറ്റ് കേന്ദ്ര ഏജന്‍സികളും അവരുടെ രാഷ്ട്രീയ യജമാനന്മാരുടെ കളിപ്പാവകളായി മാറിയിരിക്കുകയാണ്. എന്നെ ശരിപ്പെടുത്തണമെന്ന് ബോസ് പറഞ്ഞതായി അവര്‍ തന്നെ വെളിപ്പെടുത്തി, സംസ്ഥാനത്ത് ഇടക്കാല തെരഞ്ഞെടുപ്പ് നടത്താന്‍ സഹായിച്ചില്ലെങ്കില്‍ ജയിലിലടക്കുമെന്ന് വരെ തന്നോട് പറഞ്ഞു. ഏകദേശം ഒരു മാസം മുമ്പ ചിലര്‍ എന്നെ സമീപിക്കുകയും മഹാരാഷ്ട്രയിലെ സംസ്ഥാന സര്‍ക്കാരിനെ താഴെയിറക്കാന്‍ അവരെ സഹായിക്കാന്‍ പറയുകയും ചെയ്തു. സംസ്ഥാനത്തെ ഒരു ഇടക്കാല തെരഞ്ഞെടുപ്പിലേക്ക് എത്തിക്കുന്നതില്‍ ഞാന്‍ നിര്‍ണായക ഘടകമാകണമെന്ന് അവര്‍ വിചാരിച്ചു.

എന്നാല്‍ അത്തരം രഹസ്യ അജണ്ടയില്‍ പങ്കാളിയാകാന്‍ താല്‍പര്യമില്ലെന്ന് ഞാന്‍ ഉറപ്പിച്ച് പറഞ്ഞു. അവരെ അനുസരിക്കാതിരുന്നാല്‍ വലിയ വില നല്‍കേണ്ടി വരുമെന്ന മുന്നറിയിപ്പാണ് എനിക്ക് ലഭിച്ചത്. വര്‍ഷങ്ങളോളം ജയിലില്‍ കിടന്ന ഒരു മുന്‍ കേന്ദ്ര റെയില്‍വേ മന്ത്രിയുടെ അനുഭവം എനിക്കുണ്ടാകുമന്ന് അവര്‍ പറഞ്ഞു. എന്നെ കൂടാതെ മഹാരാഷ്ട്ര മന്ത്രിസഭയിലെ മറ്റ് രണ്ട് മുതിര്‍ന്ന മന്ത്രിമാരെയും രണ്ട് മുതിര്‍ന്ന നേതാക്കളെയും പി.എം.എല്‍.എ നിയമപ്രകാരം ജയിലിലേക്ക് അയക്കുമെന്നും ഇത് സംസ്ഥാനത്തെ ഇടക്കാല തെരഞ്ഞെടുപ്പിലേക്ക് നയിക്കുമെന്നും എനിക്ക് മുന്നറിയിപ്പ് നല്‍കി. ഭീഷണികള്‍ മൂലം രാജ്യസഭയില്‍ പോലും തനിക്ക് സ്വതന്ത്രമായി സംസാരിക്കാന്‍ സാധിക്കുന്നില്ല.’ അദ്ദേഹം വ്യക്തമാക്കി.

ശിവസേന പാര്‍ട്ടിയുടെ നേതാവായ ഉദ്ധവ് താക്കറെ പ്രസിദ്ധീകരിക്കുന്ന മറാത്തി പത്രമായ സാമ്നയുടെ എക്സിക്യൂട്ടീവ് എഡിറ്റര്‍ കൂടിയാണ് സഞ്ജയ് റൗട്ട്.