മെയ്ക്ക് ഇൻ ഇന്ത്യയ്ക്ക് കീഴിൽ സ്വന്തം ആപ് സ്റ്റോർ തുടങ്ങാൻ  കേന്ദ്ര സര്‍ക്കാർ

0 319

മെയ്ക്ക് ഇൻ ഇന്ത്യയ്ക്ക് കീഴിൽ സ്വന്തം ആപ് സ്റ്റോർ തുടങ്ങാൻ  കേന്ദ്ര സര്‍ക്കാർ

 

മെയ്ക്ക് ഇൻ ഇന്ത്യയ്ക്ക് കീഴിൽ കൂടുതൽ സാങ്കേതിക സംവിധാനങ്ങൾ നടപ്പിലാക്കാനുള്ള പദ്ധതികളാണ് കേന്ദ്ര സര്‍ക്കാർ ആസൂത്രണം ചെയ്യുന്നത്. ആപ്പിൾ, ഗൂഗിൾ കമ്പനികളുടെ കീഴിലുള്ള ആപ് സ്റ്റോറുകൾക്ക് പകരം ഇന്ത്യയിൽ തന്നെ സ്വന്തം ആപ് സ്റ്റോർ തുടങ്ങാനാണ് പുതിയ നീക്കം. ആപ്പിൾ, ഗൂഗിൾ പ്ലേ സ്റ്റോറുകളിൽ പേടിഎം പോലുള്ള നിരവധി കമ്പനികൾ നിയമ വെല്ലുവിളി നേരിടുന്ന സമയത്താണ് പുതിയ പ്രഖ്യാപനമെന്നതും ശ്രദ്ധേയമാണ്.

രാജ്യത്ത് സ്വന്തം ആപ്ലിക്കേഷൻ സ്റ്റോർ ആരംഭിക്കാൻ ഒരുങ്ങുന്നുവെന്ന് സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ വാർത്താ ചാനലുകളാണ് വ്യാഴാഴ്ച റിപ്പോർട്ട് ചെയ്തത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ, സർക്കാരിന്റെ തന്നെ മൊബൈൽ സേവാ ആപ് സ്റ്റോർ ഇതിനായി ഉപയോഗപ്പെടുത്താനും സാധ്യതയുണ്ട്. ആപ് സ്റ്റോറിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.

ഗൂഗിളിന്റെ ആൻഡ്രോയിഡിന് ഇന്ത്യയിൽ 97 ശതമാനം വിപണി വിഹിതമുണ്ട്. ഇതിനാൽ തന്നെ ഇന്ത്യൻ സ്റ്റാർട്ടപ്പുകളിൽ ഇടപെടുകയും അവർക്ക് വേണ്ട സഹായം നൽകുകയും വേണമെന്ന നിലപാടാണ് സർക്കാരിനുള്ളത്. ഗൂഗിളും ആപ്പിളും  ആപ്ലിക്കേഷനുകൾ ഹോസ്റ്റ് ചെയ്യുന്നതിന് 30 ശതമാനം വരെ ഫീസ് ഈടാക്കുന്നുണ്ട്. എന്നാൽ, സർക്കാർ സ്റ്റോറിൽ ഫീസ് ഈടാക്കില്ല. ചാനലിന്റെ റിപ്പോർട്ട് അനുസരിച്ച്, ആൻഡ്രോയിഡ് ഫോണുകൾ സർക്കാർ ആപ് സ്റ്റോറിലെ ആപ്ലിക്കേഷനുകൾ മുൻകൂട്ടി ഇൻസ്റ്റാൾ ചെയ്യുന്നത് നിർബന്ധമാക്കാനുള്ള പദ്ധതിയും പരിഗണിക്കുന്നുണ്ടെന്നാണ്.