വ്യാപാര സ്ഥാപനങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് വ്യാപാരി സംഘടനകളുടെ നേത്യത്വത്തില്‍ പ്രതിഷേധ ചങ്ങല

0 397

വ്യാപാര സ്ഥാപനങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് വ്യാപാരി സംഘടനകളുടെ നേത്യത്വത്തില്‍ പ്രതിഷേധ ചങ്ങല

ചെറുപുഴ: കച്ചവട സ്ഥാപനങ്ങളില്‍ സാധാരണ നിലയിലുള്ള വ്യാപാരം അനുവദിക്കണമെന്നാവശ്യപ്പെട്ട് ചെറുപുഴയിൽ സംയുക്ത വ്യാപാരി സംഘടനകളുടെ നേത്യത്വത്തില്‍ പ്രതിഷേധചങ്ങല സംഘടിപ്പിച്ചു. ചെറുപുഴ പാണ്ടിക്കടവ് സ്വദേശിക്ക് സമ്പര്‍ക്കത്തിലൂടെ കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ചെറുപുഴ ടൗണ്‍ ഉള്‍പെടുന്ന രണ്ടാം വാര്‍ഡ് അടച്ചിടാന്‍ കളക്ടർ ഉത്തരവിട്ടിരുന്നു എങ്കിലും ഓണം പ്രമാണിച്ച് കണ്ടെയ്മെന്റ് സോണുകളില്‍ ഹോം ഡെലിവറി നടത്താന്‍ വ്യാപാര സ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കിയിരുന്നു. എന്നാല്‍ ഇത് പ്രായോഗികമായ സംവിധാനമല്ലെന്നാണ് വ്യാപാരികള്‍ പറയുന്നത്. പാണ്ടിക്കടവ് ഭാഗം മാത്രം അടച്ചിട്ടുകൊണ്ട് കടകൾ തുറന്നു പ്രവർത്തിക്കാൻ അനുവദിക്കണമെന്നാണാവശ്യം.

ഉപജീവനം ഇല്ലാതെ എന്ത് അതിജീവനം, വ്യാപാരികള്‍ക്കും ജീവിക്കണം, വ്യാപാരികളും ജീവനക്കാരും പട്ടിണിയിലേക്ക്, ബാറിലും ബാങ്കിലും കൊറോണ വരില്ല വ്യാപാര സ്ഥാപനങ്ങളിൽ മാത്രം കൊറോണ, എവിടെ പോസിറ്റീവ് ആയാലും അടക്കേണ്ടത് കടകള്‍ മാത്രമോ? വ്യാപാരികള്‍ വില്‍ക്കുന്നത് കൊറോണയല്ല എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തിയാണ് മുഴുവന്‍ വ്യാപാരികളും പ്രതിഷേധത്തില്‍ അണിചേര്‍ന്നത്.

കോവിഡ് 19 കൊറോണ വൈറസ് വ്യാപനം തടയുന്നതിന് സര്‍ക്കാരും പോലീസും ആരോഗ്യ പ്രവര്‍ത്തകരും ഉദ്യോഗസ്ഥരും പറഞ്ഞതനുസരിച്ച് പ്രവര്‍ത്തിക്കുന്ന ഒരു വിഭാഗമാണ് വ്യാപാരികൾ. രോഗവ്യാപനം ദിനംപ്രതി കൂടുന്നത് തടയാന്‍ ഉത്തരവാദിത്തപെട്ടവര്‍ നിര്‍ദേശിക്കുന്ന രീതിയില്‍ മാസ്‌ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക, സാനിറ്റൈസേഷന്‍ നടത്തുക, അത്യാവശ്യത്തിനല്ലാതെ പുറത്തു പോവാതിരിക്കുക, കൂടുതല്‍ ജാഗ്രതയോട് മുന്‍പോട്ട് പോവുക തുടങ്ങിയ നിർദ്ദേശങ്ങൾ നടപ്പിലാക്കുന്നതിനും ലോക്ക്ഡൗണ്‍ അടക്കം നടത്തുന്നതിനും വ്യാപാരികള്‍ എതിരല്ല.

എന്നാല്‍ വ്യാപാരികളുടെ ഉപജീവന മാര്‍ഗമായ വ്യാപാര സ്ഥാപനങ്ങള്‍ മാത്രം ലോക്ക്ഡൗണില്‍ അനിശ്ചിതമായി ദീര്‍ഘനാള്‍ അടച്ചിടുന്നത് വ്യാപാരികള്‍ക്കും തൊഴിലാളികള്‍ക്കും പൊതുജനങ്ങള്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുകയാണ്. കേരളീയരുടെ ഉത്സവവും വ്യാപാരികളുടെ പ്രധാന സീസണുമായ ഈ ഓണകാലത്തു വ്യാപാര സ്ഥാപനങ്ങള്‍ അടച്ചു പൂട്ടിയാല്‍ പട്ടിണിയും അരക്ഷിതാവസ്ഥയും മാത്രമാണ് ഉണ്ടാകുക. കൂടാതെ വ്യാപാരികള്‍ സംഭരിച്ച ചരക്കുകള്‍ നശിക്കുകയും ഉപയോഗശൂന്യമാവുകയും ചെയ്യുന്നത് നാടിന്റെ സമ്പത് വ്യവസ്ഥക്ക് തന്നെ വിള്ളല്‍ വരുത്തും.

കഴിഞ്ഞ ലോക്ക്ഡൗണില്‍ സഹകരിച്ച വ്യാപാരികള്‍ക്ക് കോടിക്കണക്കിന് രൂപയുടെ നഷ്ടങ്ങളും മാനസിക പ്രയാസങ്ങളും ഉണ്ടായിട്ടുണ്ട്. ഇനിയും അടച്ചിടല്‍ തുടര്‍ന്നാല്‍ കര്‍ഷകര്‍ ആത്മഹത്യ ചെയ്തത് പോലെ വ്യാപാരികളും ആത്മഹത്യ ചെയ്യേണ്ടിവരും

അതുകൊണ്ട് തന്നെ അധികാരികളുടെ കണ്ണ് തുറപ്പിക്കുന്നതിനും വ്യാപാരികളുടെ വിഷമങ്ങളും പ്രയാസങ്ങളും പ്രതിസന്ധികളും മനസ്സിലാക്കുന്നതിനും വേണ്ടിയാണ് സംയുക്തവ്യാപാരി സംഘടനയുടെ നേത്യത്വത്തില്‍ പ്രതിഷേധ ചങ്ങല സംഘടിപ്പിച്ചതെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി ഭാരവാഹികളായ ജോൺസൺ പറമുണ്ട, വിപിൻ പലേരി, എ.ടി.വി.രാജേഷ്, വ്യാപാരി വ്യവസായി സമിതി ഭാരവാഹികളായ എം.വി.ശശി, കെ.എസ്.ഷിജു, കെ.സുഭാഷ് എന്നിവർ അറിയിച്ചു.