ചന്ദനക്കാംപാറയില്‍ ആന ചരിഞ്ഞ സംഭവം: പെരുവയില്‍ കുഴിച്ചിട്ട ജഡം പ്രതിഷേധത്തെത്തുടര്‍ന്ന് കത്തിച്ചു

0 130

 


കോളയാട് : ചികിത്സയ്ക്ക് മുത്തങ്ങയിലേക്ക് കൊണ്ടുപോകവെ ചരിഞ്ഞ കാട്ടാനയുടെ ജഡം കോളയാട് പെരുവ പുഴയോരത്ത് കുഴിച്ചിട്ടത് വിവാദമായി. പ്രദേശവാസികളുടെ എതിര്‍പ്പ് മറികടന്ന് കുഴിച്ചിട്ട ജഡം പ്രതിഷേധം കനത്തതോടെ പുറത്തെടുത്ത് കത്തിച്ചു.

ചൊവ്വാഴ്ചയാണ് ചന്ദനക്കാംപാറ ഷിമോഗ കോളനിക്ക് സമീപം അവശനിലയില്‍ കാട്ടാനയെ കണ്ടെത്തിയത്. ചികിത്സയ്ക്ക് മുത്തങ്ങയിലേക്ക് കൊണ്ടുപോകുംവഴി ആന ചരിയുകയും കണ്ണവം വനത്തിനുള്ളിലെ പെരുവ പുഴയോരത്ത് വനപാലകര്‍ കുഴിച്ചിടുകയുമായിരുന്നു.

സംഭവമറിഞ്ഞ് വാര്‍ഡംഗം പി.സി.രമ്യയുടെയും മുന്‍ അംഗം റോയ് പൗലോസിന്റെയും നേതൃത്വത്തില്‍ പ്രദേശവാസികള്‍ സംഘടിച്ച്‌ ജഡം കത്തിക്കണമെന്ന് വനപാലകരോട് ആവശ്യപ്പെട്ടു.
പ്രദേശവാസികളടക്കം ഒട്ടേറെപ്പേര്‍ ഉപയോഗിക്കുന്ന പെരുവ പുഴയുടെ തീരത്ത് കാട്ടാനയുടെ ജഡം കുഴിച്ചിട്ടാല്‍ ആരോഗ്യത്തിന് ഭീഷണിയാണെന്ന് ആരോപിച്ചാണ് നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തുവന്നത്.

സമീപത്തെ പാലയത്തുവയല്‍ ഗവ. യു.പി. സ്കൂളില്‍നിന്ന് 300 മീറ്ററും പുഴയോരത്തുനിന്ന് 20 മീറ്ററും ഇടയിലാണ് ആനയുടെ ജഡം മറവുചെയ്തത്. രണ്ടര മീറ്ററോളം ആഴത്തില്‍ കുഴിയെടുത്താണ് ആനയെ കുഴിച്ചിട്ടതും.

ജഡം മറവുചെയ്തതിനാല്‍ മറ്റൊരു നടപടി സ്വീകരിക്കില്ലെന്ന് തുടക്കത്തില്‍ വനം വകുപ്പ് നിലപാടെടുത്തെങ്കിലും പ്രകോപിതരായ നാട്ടുകാര്‍ വനംവകുപ്പ് ഉദ്യോഗസ്ഥരെ ബന്ധികളാക്കാന്‍ ശ്രമിച്ചതോടെ വനംവകുപ്പ് നിലപാട് മാറ്റുകയായിരുന്നു. തുടര്‍ന്ന് ജഡം പുറത്തെടുത്ത് കത്തിച്ചു.