ചാനല്‍ നിരോധനം: തെറ്റുപറ്റിയെങ്കില്‍ തിരുത്തും; വാര്‍ത്താവിതരണ മന്ത്രി
ന്യൂഡല്‍ഹി: രണ്ട് മലയാളം ചാനലുകള്‍ നിരോധിച്ചതിനെക്കുറിച്ച് പ്രധാനമന്ത്രി പോലും ആശങ്ക അറിയിച്ചതായി വാര്‍ത്താവിതരണ മന്ത്രി പ്രകാശ് ജാവഡേക്കര്‍. എന്താണ് സംഭവിച്ചതെന്ന് പരിശോധിക്കുമെന്നും തെറ്റുപറ്റിയെങ്കില്‍ തിരുത്തുമെന്നും അദ്ദേഹം പുണെയില്‍ പറഞ്ഞു. ഓഫിസിലെത്തിയാല്‍ ഉടന്‍ എന്താണ് സംഭവിച്ചതെന്ന് പരിശോധിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ്, മീഡിയ വണ്‍ വാര്‍ത്താ ചാനലുകളുടെ സംപ്രേഷണം കേന്ദ്രസര്‍ക്കാര്‍ രണ്ടു ദിവസത്തേക്ക് വിലക്കിയത് ഇന്നലെയാണ്. ഡല്‍ഹി കലാപം റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ വാര്‍ത്താ വിതരണ സംപ്രേഷണ ചട്ടങ്ങള്‍ ലംഘിച്ചു എന്നായിരുന്നു ആരോപണം. ഇന്ന് പുലര്‍ച്ചയോടെ വിലക്ക് നീക്കിയിരുന്നു. ഡല്‍ഹി സംഘര്‍ഷം റിപ്പോര്‍ട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചുവെന്ന് ആരോപിച്ചാണ് കേന്ദ്ര വാര്‍ത്ത പ്രക്ഷേപണ മന്ത്രാലയം ഇരു ചാനലുകള്‍ക്കും വിലക്ക് ഏര്‍പ്പെടുത്തിയത്.1994ലെ കേബിള്‍ ടെലിവിഷന്‍ നെറ്റ്‌വര്‍ക്ക് നിയമത്തിന്റെ ലംഘനമാണ് ചനലുകള്‍ നടത്തിയത് എന്നും വിശദീകരിച്ചു. മുഖം നന്നായില്ലെങ്കില്‍ കണ്ണാടി തകര്‍ക്കുന്ന നിലപാടാണ് മാധ്യമ വിലക്കിലൂടെ കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇത് അപകടകരമായ പ്രവണതയാണ്. അപ്രഖ്യാപിത അടിയന്തരാവസ്ഥയാണ് രാജ്യത്ത് നിലനില്‍ക്കുന്നതെന്നും പിണറായി വിജയന്‍വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
സത്യസന്ധമായ റിപ്പോര്‍ട്ടിങില്‍ നിന്ന് മാധ്യമങ്ങളെ വിലക്കുന്നതിലൂടെ യാഥാര്‍ഥ്യങ്ങള്‍ ജനങ്ങളില്‍ നിന്ന് മറച്ചുവെക്കാനും ജനാധിപത്യം തകര്‍ക്കാനുമാണ് ശ്രമം നടക്കുന്നത്. ഏഷ്യാനെറ്റ്, മീഡിയാ വണ്‍ എന്നീ വാര്‍ത്താചാനലുകള്‍ക്ക് കേന്ദ്രം വിലക്കേര്‍പ്പെടുത്തിയതില്‍ പ്രതിഷേധിച്ച് കേരള പത്രപ്രവര്‍ത്തകയൂണിയനും തിരുവനന്തപുരം പ്രസ്ക്്ളബ്ബും പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു.