ചെങ്ങോത്ത് ഒരു വയസുള്ള കുഞ്ഞിനെ രണ്ടാനച്ഛൻ മർദ്ദിച്ച സംഭവം; അമ്മയെയും രണ്ടാനച്ഛനെയും പോലീസ് കസ്റ്റഡിയിലെടുത്തു.

0 2,933

ചെങ്ങോത്ത് ഒരു വയസുള്ള കുഞ്ഞിനെ രണ്ടാനച്ഛൻ മർദ്ദിച്ച സംഭവം; അമ്മയെയും രണ്ടാനച്ഛനെയും പോലീസ് കസ്റ്റഡിയിലെടുത്തു.

 

കേളകം: കണിച്ചാർ ചെങ്ങോത്ത് പിഞ്ചുകുഞ്ഞിനെ രണ്ടാനച്ഛൻ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ കുഞ്ഞിൻ്റെ അമ്മയെയും രണ്ടാനച്ഛനെയും കേളകം പോലീസ് കസ്റ്റഡിയിലെടുത്തു. കൊട്ടിയൂർ പാലുകാച്ചിയിലെ പുത്തൻ വീട്ടിൽ രതീഷ് (39), ചെങ്ങോം വിട്ടയത്ത് രമ്യ (24) എന്നിവരെയാണ് കേളകം പോലീസ് കസ്റ്റഡിയിലെടുത്തത്.

രതീഷിനും രമ്യക്കും എതിരേ ജുവനൈൽ ജസ്റ്റിസ് ആക്ട് അനുസരിച്ച് പൊലീസ് കേസെടുത്തു. കേസിൽ ബാലാവകാശ കമ്മിഷൻ ചെയർമാൻ കെ.വി. മനോജ് കുമാർ വിശദമായ അന്വേഷണം ആവശ്യപ്പെട്ടു.

ഇന്നലെ വൈകിട്ട് എട്ടുമണിയോടെയാണ് സംഭവം. രമ്യയുടെ മകൾ ഒരു വയസ്സുകാരി അഞ്ജനയാണ് രതീഷിൻ്റെ ക്രൂര മർദ്ദനത്തിന് ഇരയായത്. മുഖത്തും തലയുടെ മറ്റു ഭാഗങ്ങളിലും പരിക്കേറ്റ കുഞ്ഞിനെ രമ്യയുടെ മാതാപിതാക്കളാണ് പേരാവൂർ ആശുപത്രിയിൽ കൊണ്ടുവന്നത്. പ്രാഥമിക പരിശോധനയിൽ മർദ്ദനമേറ്റ പരുക്കുകളാണെന്ന് മനസിലായ ആശുപത്രി അധികൃതർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. വിശദ പരിശോധനക്ക് കുഞ്ഞിനെ കണ്ണൂർ ഗവ. മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു. കുട്ടിയുടെ പരിക്ക് ഗുരുതരമല്ലെന്ന് ഡോക്ടർ അറിയിച്ചു.

മൂന്നാഴ്ച മുൻപാണ് രതീഷും രമ്യയും ചെങ്ങോത്ത് വാടക വീടെടുത്ത് താമസം തുടങ്ങിയത്.

ഇരുവരും വിവാഹിതരല്ലെന്നാണ് വിവരം.